ടിവികെ പിന്തുണ; സി.പി.ഐ.എമ്മിന് നന്ദി അറിയിച്ചു എം.കെ. സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലിലും, ഡി.എം.കെ സഖ്യത്തില്‍ തുടരുമെന്ന് വ്യക്തമാക്കിയ സി.പി.ഐ.എം ന് മുഖ്യമന്ത്രി സ്റ്റാലിന്‍ നന്ദി അറിയിച്ചു. അതേസമയം, സഖ്യം വിട്ട കോണ്‍ഗ്രസ് പാര്‍ട്ടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

ഒരു ദിവസത്തിനുള്ളില്‍ തന്നെയാണ് കോണ്‍ഗ്രസ് ഡി.എം.കെയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. മറുവശത്ത്, കമ്മ്യൂണിസ്റ്റ് നേതാക്കളായ ഷണ്മുഖൻ, വീരപാണ്ട്യൻ, , തോൽ തീരുമാളാവാൻ എന്നിവര്‍ തമിഴ്‌നാട്ടിന്റെ ക്ഷേമത്തിനായി ഡി.എം.കെയുമായി ചേര്‍ന്ന് പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്രാവിഡ വികസന മാതൃകയിലുള്ള അവരുടെ വിശ്വാസത്തിന്റെ തെളിവാണ് ഈ നിലപാടെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ടി.വി.കെയുമായി കൈകോര്‍ത്തതോടെയാണ് സ്റ്റാലിന്റെ വിമര്‍ശനം ശക്തമായത്. അതേസമയം, മന്ത്രിസഭയില്‍ പങ്കെടുക്കില്ലെങ്കിലും ഡി.എം.കെയുമായി രാഷ്ട്രീയ സഹകരണം തുടരുമെന്നാണ് ഇടതുപാര്‍ട്ടികളുടെ നിലപാട്. ഇതോടെയാണ് സി.പി.ഐ.എമ്മിനോടുള്ള നന്ദി സ്റ്റാലിന്‍ പരസ്യമായി രേഖപ്പെടുത്തിയത്.

09-May-2026