പത്തനാപുരത്ത് നടന്നത് യുഡിഎഫ്-ബിജെപി ഡീലെന്ന് ഗണേഷ് കുമാർ

പത്തനാപുരത്തും യുഡിഎഫ്-ബിജെപി ഡീലെന്ന് മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറിച്ചുനല്‍കിയെന്നാണ് ഗണേഷ് കുമാര്‍ ആരോപിച്ചത്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പങ്കുവെച്ചാണ് ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചത്.

ഡീലിന്റെ ഭാഗമായാണ് ട്വന്റി-20 പത്തനാപുരത്ത് മത്സരിച്ചതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചത്. ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും ഇതേ ഡീല്‍ നടന്നുവെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എല്‍ഡിഎഫാണ്.

വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് മൂന്ന് സ്ഥലത്തും ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞത്. മൂന്ന് സ്ഥലത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ആ സ്ഥലങ്ങളില്‍ കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ലഭിച്ചില്ലെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

10-May-2026