ആലപ്പുഴയിൽ കെ സി വേണുഗോപാലിനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘കേരളത്തിന്റെ ക്യാപ്റ്റൻ കെ സി’ എന്ന പേരിലുള്ള ഫ്ലക്സ് ആലപ്പുഴ ആശ്രമം ജംഗ്ഷനിൽ സ്ഥാപിച്ചതാണ് ശ്രദ്ധേയമായത്. പാർട്ടി നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം സമാനമായ ബോർഡുകൾ നീക്കം ചെയ്തിരുന്നുവെങ്കിലും, അതിന് പിന്നാലെയാണ് പുതിയ ഫ്ലക്സ് വീണ്ടും ഉയർന്നത്.
ഇതിനിടെ, വി ഡി സതീശനെ അനുകൂലിച്ചും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിലായിരുന്നു ഇവ സ്ഥാപിച്ചത്. പ്രതിഷേധങ്ങൾ പൊതുവേദികളിലേക്ക് നീളരുതെന്നും ഇനി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്നും ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അതിന് ശേഷവും ബോർഡുകൾ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.
‘പ്രതിപക്ഷ നേതാവായിരുന്നവർ മുഖ്യമന്ത്രി ആകുന്നതാണ് കോൺഗ്രസിന്റെ ശീലം’ എന്ന് വ്യക്തമാക്കി കെ സി വേണുഗോപാലിനെതിരെ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ രംഗത്തെത്തിയതും വിവാദങ്ങൾക്ക് ചൂടേകിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പുതിയ ബോർഡുകൾ സ്ഥാപിച്ചതെന്നാണ് വിവരം. എന്നാൽ, ബോർഡുകൾ സ്ഥാപിച്ചതിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെ കെ സി വേണുഗോപാലിനെ അനുകൂലിച്ച് പുനലൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ നീക്കം ചെയ്തതിനു പിന്നാലെയാണ് വി ഡി സതീശനെ പിന്തുണച്ചുള്ള ബോർഡുകളും പ്രത്യക്ഷപ്പെട്ടത്.