അദാനി ഗ്രൂപ്പിന്റെ പ്രസിഡന്റുമായി കൂടിക്കാഴ്ച ; വി.ഡി. സതീശന്‍ മറുപടി പറയണം: ടി.പി. രാമകൃഷ്ണന്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് സതീശന്‍ അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അദ്ദേഹം മറുപടി പറയണമെന്ന് രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ എ.ഐ.സി.സി നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. ജെ.ഡി.എസ് നേതാവ് ടി.എം. ഫാറൂഖിന്റെ വീട്ടില്‍ നടന്ന ചര്‍ച്ച എന്തിനായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും, സതീശന്റെ മംഗലാപുരം യാത്രയെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കവര്‍ച്ച കേസില്‍ ചോദ്യം ചെയ്യപ്പെട്ട വ്യക്തിക്കൊപ്പമാണ് സതീശന്‍ യാത്ര നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് സംഘടനാ നേതാക്കള്‍ ജനാധിപത്യവിരുദ്ധ നടപടികളിലേക്ക് കടക്കുകയാണെന്നും വിമര്‍ശിച്ചു. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുകയാണെന്നും, ജനവിധിയെ മാനിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന പട്ടികപ്രകാരമാണ് സര്‍ക്കാര്‍ ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റുന്നതെന്നും, സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് ഇത്തരത്തിലുള്ള നടപടികള്‍ ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സപ്ലൈകോ അരിയുടെ വിലവര്‍ധനയും രാമകൃഷ്ണന്‍ വിമര്‍ശിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 13 ഇനങ്ങളിലുള്ള അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടിയിരുന്നില്ലെന്നും, ഇപ്പോള്‍ മന്ത്രിസഭാ തീരുമാനം കൂടാതെയാണ് അരിവില വര്‍ധിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇത് പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞു.

ആശ പ്രവര്‍ത്തകരുടെ സമരം പ്രശ്‌നപരിഹാരത്തിനല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാത്തത് സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്നും, പ്രധാനമായും സര്‍ക്കാര്‍ രൂപീകരണമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിണറായി വിജയനെയോ എം.വി. ഗോവിന്ദൻ മാസ്റ്ററെയോ എല്‍.ഡി.എഫ് കുറ്റപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി.

രാജ്യത്തെ വിലക്കയറ്റം ഗുരുതരമാണെന്നും, പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് നിരവധി ഹോട്ടലുകള്‍ അടഞ്ഞുകിടക്കുകയാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങളിലേക്ക് തള്ളിവിടുകയാണെന്നും, ജനവിരുദ്ധ നയങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

12-May-2026