വൈകുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; യുഡിഎഫ് യോഗത്തിൽ നിന്ന് ലീഗ് വിട്ടുനിൽക്കും
അഡ്മിൻ
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കി മുസ്ലിം ലീഗ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിളിച്ച യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമായിരിക്കും മുസ്ലിം ലീഗ് യോഗം ചേരുക. പാണക്കാടിൽ നടക്കുന്ന യോഗത്തിന് ശേഷമാണ് നേതാക്കൾ തിരുവനന്തപുരത്തേക്ക് തിരിക്കുക.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ അനിശ്ചിതത്വത്തിൽ മുസ്ലിം ലീഗ് നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാത്തത് വിജയത്തിന്റെ തിളക്കം കെടുത്തിയെന്നാണ് ലീഗ് വൃത്തങ്ങൾ വിമർശിക്കുന്നത്.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലും വിഷയത്തിൽ കടുത്ത വിമർശനമുയർന്നു. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ നഷ്ടപ്പെടുത്തുകയാണെന്നും പ്രവർത്തകർ നിരാശയിലാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
ജനങ്ങൾ നൽകിയ വിജയത്തിന് പിന്നാലെ വ്യക്തമായ നേതൃത്വ തീരുമാനം എടുക്കാനാകാത്തത് പൊതുജനങ്ങളിലും അസന്തോഷം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ.