തിരിച്ചടികളിൽ പതറാതെ, പോരായ്മകൾ പരിഹരിച്ച് എൽ.ഡി.എഫ് കൂടുതൽ കരുത്തോടെ തിരിച്ചുവരും: എം.വി. ഗോവിന്ദൻ മാസ്റ്റർ

തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളിൽ പതറാതെ, പോരായ്മകൾ പരിഹരിച്ച് എൽ.ഡി.എഫ് കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . ഇ.കെ. നായനാർ അനുസ്മരണത്തോടനുബന്ധിച്ച് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്.

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റിയതും ആഗോളവൽക്കരണ നയങ്ങൾക്കിടയിലും താഴെത്തട്ടിലുള്ള 30 ശതമാനം ജനതയെ ചേർത്തുപിടിച്ചതും എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങളാണ്. ഇത്രയേറെ പൊതുവികസന പദ്ധതികൾ നടപ്പിലാക്കിയിട്ടും എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്നത് ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

പല മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചത് ബി.ജെ.പി സഹായത്തോടെയാണെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ബി.ജെ.പി വിജയിച്ചയിടങ്ങളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയത് ഇതിന് തെളിവാണ്. കേരളത്തിൽ വർഗീയ ശക്തികൾ ശക്തിപ്രാപിക്കുന്നത് വലിയ വിപത്തിന്റെ സൂചനയാണെന്നും ഇതിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തിരിച്ചടികളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രം പാർട്ടിക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2001-ൽ കേവലം 40 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയ ഘട്ടത്തിൽ നിന്ന് 99 സീറ്റുകളുമായി അധികാരം പിടിച്ചെടുത്ത ചരിത്രം നമുക്കുണ്ട്. നിലവിലെ പോരായ്മകൾ നികത്തി ഇടതുപക്ഷം ജനവിശ്വാസം വീണ്ടെടുക്കും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

19-May-2026