സഹകരണ വകുപ്പ് ആവശ്യപ്പെട്ട് ലിജുവും റോജിയും, മന്ത്രി മന്ദിരത്തിനായും തർക്കം

വകുപ്പ് വിഭജനം സംബന്ധിച്ച് വിഡിഎസ് മന്ത്രിസഭയിൽ അനിശ്ചിതത്വം തുടരുന്നു. പൊതുമരാമത്ത് വകുപ്പ് വേണമെന്ന നിലപാടിലാണ് പി കെ ബഷീറും വി ഇ അബ്ദുൾ ഗഫൂറും. സഹകരണ വകുപ്പ് ആവശ്യപ്പെട്ട് ലിജു, റോജി എം ജോൺ എന്നിവർ രംഗത്തുണ്ട്. ഇന്ന് ഉച്ചയോടെ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.മുഖ്യമന്ത്രി, ആഭ്യന്തരം, റവന്യൂ, ആരോഗ്യം ഉൾപ്പെടെ പ്രധാന വകുപ്പുകളിൽ മാത്രമാണ് തീരുമാനം ആയിട്ടുള്ളത്.

ഉന്നത വിദ്യാഭ്യാസം, സഹകരണം ഉൾപ്പെടെ വകുപ്പുകൾ കൈമാറുന്നത് സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വേണമെന്നാണ് കോൺഗ്രസ് നിലപാട്. പകരം മത്സ്യബന്ധന വകുപ്പ് വിട്ടുതരണമെന്ന് ലീഗും ആവശ്യപ്പെടുന്നു.

ഇതിനിടെ മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലും വാഹന നമ്പറുകളുടെ കാര്യത്തിലും തർക്കം നിലനിൽക്കുന്നുണ്ട്. ഒരേ ഔദ്യോഗിക വസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്തുണ്ട്.നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രി മന്ദിരങ്ങൾക്കായി നിരവധി പേർ രംഗത്തുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുo അന്തിമ പട്ടിക തയ്യാറാക്കും. കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന പമ്പ വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. അതിന് വേറെ ആരും ഇതുവരെ ആവശ്യം ഉന്നയിച്ചിട്ടില്ല. ക്ലിഫ് ഹൌസിന് അടുത്താണ് ഇത്. ആ വസതി ചെന്നിത്തലയ്ക്ക് തന്നെ ലഭിച്ചേക്കും.

19-May-2026