സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്ന്, പിണറായി വിജയൻറെ പ്രതിപക്ഷ നേതൃസ്ഥാനവും ചർച്ചയിൽ
അഡ്മിൻ
കേരളത്തിൽ ഭരണം നഷ്ടമായതിന് ശേഷമുള്ള ആദ്യ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്. പാർട്ടിയുടെ ഏക ഭരണസംസ്ഥാനമായ കേരളത്തിലുണ്ടായ കനത്ത പരാജയം കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാന നേതൃത്വം സമർപ്പിച്ച പരാജയ റിപ്പോർട്ട് യോഗം വിശദമായി പരിശോധിക്കും.
കണ്ണൂർ ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ പാർട്ടി ഭാരവാഹികൾ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചതും വിജയിച്ചതും ഗൗരവമായി ചർച്ച ചെയ്യും. ജി. സുധാകരൻ അമ്പലപ്പുഴയിൽ വിമതനായി മത്സരിച്ചു വിജയിച്ച സാഹചര്യം നേതൃത്വം വിലയിരുത്തും. കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റുകളിൽ വിജയിച്ചതും സി.പി.ഐ.എം വോട്ടുകളിൽ ഉണ്ടായ ചോർച്ചയും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും.
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിനെതിരെ പാർട്ടിയിൽ ഉയർന്ന വിമർശനങ്ങൾ യോഗത്തിൽ പ്രതിഫലിക്കും. ബംഗാളിൽ വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിയാത്തതും ഒരു സീറ്റിൽ മാത്രം ഒതുങ്ങിയതും ചർച്ചയാകും. തൃണമൂലിന്റെ പരാജയവും ബി.ജെ.പിയുടെ മുന്നേറ്റവും വിലയിരുത്തും. തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടി.വി.കെ പാർട്ടിക്ക് പിന്തുണ നൽകിയ സാഹചര്യവും തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ ധ്രുവീകരണവും യോഗം ചർച്ച ചെയ്യും.
അസമിൽ നിലവിലുണ്ടായിരുന്ന സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ചും റിപ്പോർട്ട് തേടും. പരാജയത്തിന് പിന്നാലെ കേരള ഘടകത്തിൽ ഉയർന്ന തിരുത്തൽ വാദങ്ങളും നേതൃമാറ്റ ചർച്ചകളും കേന്ദ്ര കമ്മിറ്റിയിൽ എങ്ങനെ പ്രതിഫലിക്കും എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.