ആദ്യ ഉത്തരവിൽ കർഷകർക്ക് വായ്പാ ഇളവും വിദ്യാഭ്യാസ സഹായവും നൽകി വിജയ്

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വേഗത്തിൽ നടപ്പിലാക്കി വിജയ് വാർത്തകളിൽ നിറയുകയാണ്. സംസ്ഥാനത്തെ കർഷകരെ സഹായിക്കുന്നതിനായി സഹകരണ ബാങ്കുകളിൽ അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ മുഴുവൻ കാർഷിക വായ്പകളും സർക്കാർ എഴുതിത്തള്ളിയിട്ടുണ്ട്.

അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് വായ്പാ തുകയുടെ പകുതി ഇളവ് നൽകാനും തീരുമാനമായി. ഇതിനോടൊപ്പം കർഷകർക്ക് ആശ്വാസമായി നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയും താങ്ങുവിലയാക്കി ഉയർത്തുകയും ചെയ്തു. ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയും രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും മക്കളുടെ പൂർണ വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നത് മറ്റൊരു സുപ്രധാന തീരുമാനമാണ്.

തമിഴ് സിനിമാ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമായി തിയേറ്ററുകളിലെ പ്രദർശന സമയം വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇനിയുള്ള കാലങ്ങളിൽ പുതിയ ചിത്രങ്ങൾക്ക് റിലീസ് ആഴ്ചയിൽ ഒരു തിയേറ്ററിൽ അഞ്ച് പ്രദർശനം വീതം നടത്താൻ അനുമതിയുണ്ടാകും. വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

രാഷ്ട്രീയം എന്നത് ജനങ്ങളെ സേവിക്കാനുള്ളതാണെന്നും പണം പിരിക്കാനുള്ളതല്ലെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം വിജയ് വ്യക്തമാക്കിയിരുന്നു. മെയ് 10-ന് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്, ഡിഎംകെ-എഐഎഡിഎംകെ തുടങ്ങിയ മുന്നണികളെ പിന്തള്ളിക്കൊണ്ട് 108 സീറ്റുകളുമായി ടിവികെയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയാണ് അധികാരം പിടിച്ചെടുത്തത്.

26-May-2026