പാർട്ടി ഓഫീസിലേക്ക് ഇരച്ചുകയറി ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പൊലീസ് ശ്രമിക്കുന്നു:. ജോൺ ബ്രിട്ടാസ്
അഡ്മിൻ
സി.പി.ഐ.എം പാർട്ടി ഓഫീസിലേക്ക് ഇരച്ചുകയറി ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. പാർട്ടി ഓഫീസുകളിൽ കയറി ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടാക്കാൻ പാടില്ലെന്നും, അതിക്രമം കാണിക്കുന്നവർക്കെതിരെ നിയമപരമായ നടപടിയെടുക്കുകയാണ് വേണ്ടതെന്നുമാണ് സി.പി.ഐ.എം നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധങ്ങൾക്കിടയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ തെളിവുകൾ പരിശോധിച്ച് നടപടിയെടുക്കുന്നതിനോട് സഹകരിക്കുമെന്ന് മുൻ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ അറിയിച്ചിട്ടുണ്ട്. തെളിവുണ്ടെങ്കിൽ നടപടിയെടുക്കുന്നതിന് യാതൊരു തടസ്സവുമില്ല. എന്നാൽ അതിന്റെ മറവിൽ പാർട്ടി ഓഫീസിലേക്ക് അതിക്രമിച്ചു കയറാൻ ആരെയും അനുവദിക്കില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.
കേരള പൊലീസിന് ഈ വിഷയത്തിൽ അനാവശ്യമായ ദാഷ്ട്യം ഉണ്ടാകേണ്ട കാര്യമില്ലെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. സി.പി.ഐ.എം നേതാക്കൾ പരമാവധി സംയമനം പാലിക്കുകയും അണികളെ കൃത്യമായി നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
"പിണറായി വിജയന്റെ വീട്ടിൽ മണിക്കൂറുകളോളമാണ് അകാരണമായി ഇഡി റെയ്ഡ് നടത്തിയത്. അതിന് പിന്നാലെ ഇവിടെ ഇപ്പോൾ പ്രധാനപ്പെട്ട ഒരു പാർട്ടി ഓഫീസിലേക്ക് ഇരച്ചുകയറി ഒരു രംഗം സൃഷ്ടിക്കണമെന്ന നിഷ്കർഷ കേരള പൊലീസിന് എങ്ങനെ വന്നു? പ്രതികളാരും ഒളിച്ചുപോകാൻ പോകുന്നവരല്ല," ബ്രിട്ടാസ് പറഞ്ഞു.
ആക്രമണങ്ങളുടെ തെളിവുകളെല്ലാം പോലീസിന്റെ ക്യാമറകളിലും സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. തെളിവുണ്ടെങ്കിൽ നിയമപരമായി മുന്നോട്ട് പോകാമെന്നും സഹകരിക്കാമെന്നും ഇവിടുത്തെ മുൻ ജില്ലാ സെക്രട്ടറിയും എംഎൽഎയും വ്യക്തമാക്കിയ സാഹചര്യത്തിൽ, ഓഫീസ് ആക്രമിക്കാനുള്ള പൊലീസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അതിനപ്പുറം മറ്റൊരു താല്പര്യവും ഇതിന് പിന്നിലില്ലെന്നും ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.