ഉത്തരേന്ത്യയിൽ കോൺഗ്രസ് നേതാക്കന്മാരെ ഭയപ്പെടുത്തി കൂടെക്കൂട്ടാൻ ബിജെപിക്ക് കഴിയും; അത് പിണറായി വിജയനെതിരെ വിലപ്പോവില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡ് കോൺഗ്രസ്–ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണ് കോൺഗ്രസ് ഈ കേസുമായി മുന്നോട്ട് പോയത്. റെയ്ഡിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ അടക്കമുള്ളവർക്ക് കോടതിയിൽ നിന്ന് തന്നെ കനത്ത തിരിച്ചടി നേരിട്ടതായി എം.വി. ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

"ഒരു എഫ്.ഐ.ആർ ഉണ്ടാക്കാനുള്ള അന്വേഷണം നടത്താനാണ് കോടതി നിർദ്ദേശിച്ചത്. എന്നാൽ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാതെയാണ് ഇഡി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിന് ഇറങ്ങിയത്. ഇതിനെതിരെ നിയമപരമായി നീങ്ങുന്നത് തടയാൻ ശനി, ഞായർ ദിവസങ്ങളിൽ കോടതി അവധിയായ സമയം നോക്കിയാണ് ഇഡി നാടകം കളിക്കുന്നത്. ഉത്തരേന്ത്യയിൽ കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്തി കൂടെക്കൂട്ടാൻ ബി.ജെ.പിക്ക് കഴിഞ്ഞേക്കും, എന്നാൽ ആ വിരട്ടലൊന്നും പിണറായി വിജയന്റെ അടുത്ത് വിലപ്പോവില്ല," അദ്ദേഹം വ്യക്തമാമാക്കി.

ആർ.എസ്.എസ് നേതൃത്വം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ പൂർണ്ണമായി നിയന്ത്രിക്കുകയാണെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. അമിത് ഷാ മുൻപ് പ്രഖ്യാപിച്ചതുപോലെ അവരുടെ ഉന്നം ഇനി കേരളമാണ്. അതിനായി കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശക്തനായ നേതാവായ പിണറായി വിജയനെ തകർക്കാനാണ് അവർ ശ്രമിക്കുന്നത്.

ദേശീയതലത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കേണ്ട 'ഇന്ത്യാ' മുന്നണിയുടെ നേതാവായ രാഹുൽ ഗാന്ധിയാണ് കേരളത്തിൽ വന്ന് പിണറായിയെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചത്. ഇതിലൂടെ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര വ്യക്തമാവുകയാണ്.

വി.ഡി. സതീശന് 'മേനോൻ' വാൽ മുളച്ചത് ഈ സംഘപരിവാർ കൂട്ടുകെട്ടിന്റെ ഭാഗമായാണെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു. പിണറായി വിജയന് എതിരെയുള്ള ഈ കടന്നാക്രമണം യഥാർത്ഥത്തിൽ ഇടതുപക്ഷത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഇതിനെതിരെ ജനകീയമായും നിയമപരമായും രാഷ്ട്രീയപരമായും ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

28-May-2026