കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതി കാലഹരണപ്പെട്ടു എന്ന വി.ഡി സതീശന്റെ പ്രസ്താവന നിർഭാഗ്യകരം: വി ശിവൻകുട്ടി
അഡ്മിൻ
കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതി കാലഹരണപ്പെട്ടു എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന തികച്ചും നിർഭാഗ്യകരമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് നടന്ന ശാസ്ത്രീയമായ പാഠ്യപദ്ധതി പരിഷ്കരണത്തെ മുഖ്യമന്ത്രി ഇത്തരത്തിൽ പരസ്യമായി അധിക്ഷേപിക്കുന്നത് ഒട്ടും ഗുണകരമായ കാര്യമല്ലെന്നും, ഏത് അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണമാണ് നടപ്പിലാക്കിയതെന്ന് മുൻ മന്ത്രി ഓർമ്മിപ്പിച്ചു. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള പാഠ്യപദ്ധതി പൂർണ്ണമായി മാറ്റി എഴുതിക്കഴിഞ്ഞു. വരും വർഷം മുതൽ പ്ലസ് ടു തലത്തിലും പുതിയ പാഠ്യപദ്ധതി പ്രകാരം മാറ്റങ്ങളുണ്ടാകും. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുടെ വിപുലമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയ ശേഷമാണ് ഈ മാറ്റങ്ങൾ വരുത്തിയത്.
തുലോം സുതാര്യമായി, യാതൊരുവിധ പരാതികൾക്കും ഇടനൽകാതെയാണ് മുൻ സർക്കാർ പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയാക്കിയത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഈ പരിഷ്കരണ പ്രക്രിയയിൽ ഒരു നിർദ്ദേശം പോലും സമർപ്പിക്കാൻ തയ്യാറായിരുന്നില്ലെന്നും വി. ശിവൻകുട്ടി കുറ്റപ്പെടുത്തി.
"കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഗൂഢമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം (NEP) കേരളത്തിൽ ബോധപൂർവ്വം നടപ്പിലാക്കാനാണ് മുഖ്യമന്ത്രി തന്നെ ഇപ്പോൾ ശ്രമിക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല."
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെയും പൊതുവിദ്യാലയങ്ങളെയും തരംതാഴ്ത്തി കാണിക്കാനുള്ള പുതിയ ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.