സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നയരാഹിത്യ പ്രഖ്യാപനമായി മാറി: പിണറായി വിജയൻ
അഡ്മിൻ
നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയപ്രഖ്യാപന പ്രസംഗം നയരാഹിത്യ പ്രഖ്യാപനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്ന സമീപനം നയ പ്രഖ്യാപനത്തിൽ ഉണ്ടാകേണ്ടതായിരുന്നു. പറയേണ്ടത് പറയാതിരുന്നിട്ടുണ്ട്. കുറേ കാര്യങ്ങൾ കേന്ദ്രത്തിൽ നിന്ന് ചോദിച്ചു വാങ്ങേണ്ടതുണ്ട്.
അതിനെക്കുറിച്ച് എല്ലാം മൗനം പാലിച്ചെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പിണറായി വിജയൻ്റെ ആദ്യ വാർത്താ സമ്മേളനം കൂടിയാണ് ഇന്നത്തേത്.
"കേന്ദ്രത്തിൽ നിന്ന് ചോദിച്ച് വാങ്ങേണ്ടതിനെ കുറിച്ച് മൗനം പാലിച്ചാൽ സംസ്ഥാന സർക്കാരിന് അർഹതപ്പെട്ടത് നഷ്ടപ്പെടാൻ അത് ഇടയാക്കും. കേരളത്തിൻ്റെ സമഗ്ര വികസനത്തിൻ്റെ ബ്ലൂ പ്രിന്റ് ആവിഷ്‌കരിച്ചതാണ്. അതേ കുറിച്ച് ഒരു സൂചനയും നയപ്രഖ്യാപനത്തിൽ ഇല്ല. പ്രധാന പദ്ധതികളെ കുറിച്ചൊന്നും നയപ്രഖ്യാപനത്തിൽ പരാമർശമില്ല.
കൃത്യമായ കാഴ്ചപ്പാടില്ലാത്ത നയപ്രഖ്യാപനമാണ് കണ്ടത്. യുഡിഎഫിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവും കാണാം. കേരളത്തെ പുതു യുഗത്തിലേക്ക് ആനയിക്കുന്നതിനെ കുറിച്ച് ഒന്നും ഈ നയപ്രഖ്യാപത്തിൽ കാണാനില്ല. കേരളത്തിൻ്റെ വികസനത്തെ ഇത് പിന്നോട്ട് അടിപ്പിക്കുമെന്നും ആശങ്കയുണ്ട്", പിണറായി വിജയൻ്റെ വാക്കുകൾ.