പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലുണ്ടായ കൊഴിഞ്ഞുപോക്ക് വ്യാപകമായി തുടരുന്നു. ഇതിനിടെ രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി.എംഎൽഎമാരായ സന്ദീപൻ സാഹയെയും ഋത്പ്രത ബാനർജിയെയും ആണ് പുറത്താക്കിയത്.
സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി.ഞായറാഴ്ച നടത്താനിരുന്ന പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം ഭൂരിപക്ഷം എംഎൽഎമാരും എത്താത്തതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് എംഎൽഎമാർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെയും പാർട്ടി എംപി കല്യാൺ ബാനർജിക്കെതിരെയും ഉണ്ടായ ആക്രമണങ്ങൾക്കിടെയാണ് ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചത്. 80 എം.എൽ.എമാരിൽ യോഗത്തിനെത്തിയത് കേവലം 20 പേർ മാത്രമായിരുന്നു.എന്നാൽ യോഗം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നുവെന്നും എംഎൽഎമാർ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ പോയതിനാലാണ് യോഗത്തിനെത്താതിരുന്നതെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം.