തമിഴ്‌നാട് ബിജെപിയിൽ അപ്രതീക്ഷിത നീക്കങ്ങളുമായി കെ. അണ്ണാമലൈ

തമിഴ്‌നാട് ബിജെപിയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുമായി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. പാർട്ടി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ കർശന ഉപാധികളുമായി രംഗത്തെത്തിയ അണ്ണാമലൈ, താൻ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ പാർട്ടി വിടുമെന്ന സൂചനയാണ് നൽകുന്നത്. തമിഴ്‌നാട്ടിൽ ദീർഘകാലത്തേക്ക് തന്നെ അധ്യക്ഷനായി നിയമിക്കണമെന്നും, ചുരുങ്ങിയത് ഏഴ് വർഷം തുടർച്ചയായി അധികാരം നൽകണമെന്നുമാണ് അണ്ണാമലൈയുടെ ആവശ്യം.

ഇത് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ പാർട്ടി വിട്ടുപോകാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഒരു പുതിയ പാർട്ടി രൂപീകരിക്കാനാണ് അണ്ണാമലൈയുടെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

അണ്ണാമലൈയുടെ കടുത്ത തീരുമാനത്തിൽ ആശങ്കയിലായ ബിജെപി കേന്ദ്ര നേതൃത്വം, പാർട്ടി വിടരുതെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. അണ്ണാമലൈ പാർട്ടി വിട്ടാൽ തമിഴ്‌നാട് ബിജെപിയിൽ വലിയൊരു കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന ഭയം അവർക്കുണ്ട് . ചൊവ്വാഴ്ച ദേശീയ അധ്യക്ഷൻ നിതിൻ ഗഡ്കരിക്ക് അണ്ണാമലൈ രാജിക്കത്ത് സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചുള്ള റിപ്പോർട്ടും ഇതിനോടൊപ്പം അദ്ദേഹം നൽകിയിട്ടുണ്ട്.

രാജിക്കത്ത് നൽകിയ ശേഷം ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അണ്ണാമലൈയോട് ഡൽഹിയിൽ തന്നെ തുടരാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

03-Jun-2026