വന്ദേ ഭാരതം വിവാദം; കോലമല്ല ശരീരം കത്തിച്ചാലും നിലപാട് മാറ്റാത്തവരാണ് കമ്മ്യൂണിസ്റ്റുകാർ: പി.എ. മുഹമ്മദ് റിയാസ്

രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നവരുടെ പേര് നോക്കിയാണ് ചിലർ കോലം കത്തിക്കാൻ ഇറങ്ങുന്നതെന്നും എന്നാൽ കോലമല്ല, സ്വന്തം ശരീരം കത്തിച്ചാൽ പോലും തങ്ങളുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

വന്ദേ മാതരം വിവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് വി. മുരളീധരൻ ഉന്നയിച്ച വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കടുത്ത ഭാഷയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ശരീരം കത്തിയമർന്നാലും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

"ജയിൽ മോചനത്തിന് വേണ്ടി അധികാരികൾക്ക് മാപ്പെഴുതി നൽകിയ ചരിത്ര പാരമ്പര്യമല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളത്. ചരിത്രപ്രസിദ്ധമായ ആന്തമാൻ ജയിലിൽ കിടന്ന് പീഡനങ്ങൾ അനുഭവിച്ചവരുടെ പട്ടിക എടുത്ത് പരിശോധിച്ചാൽ അതിൽ മഹാഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്ന് കാണാൻ കഴിയും."- അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം, കേരളത്തിൽ തികച്ചും ക്രിയാത്മകമായ ഒരു പ്രതിപക്ഷമായിട്ടായിരിക്കും ഇടതുപക്ഷം നിലകൊള്ളുകയെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. മുൻപ് യു.ഡി.എഫ് പ്രതിപക്ഷത്തിരുന്നതുപോലെ എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്ന രീതി തങ്ങൾക്കുണ്ടാകില്ല. സർക്കാരിന്റെ നല്ല കാര്യങ്ങളോട് സഹകരണവും തെറ്റായ നയങ്ങളോട് ശക്തമായ വിമർശനവുമുള്ള സമീപനമായിരിക്കും ഇടതുപക്ഷത്തിന്റേത്. മുൻപ് പ്രതിപക്ഷം ശക്തമായ തിരുത്തൽ ശക്തിയായി മാറിയതുകൊണ്ടാണ് വന്ദേമാതരം പിന്നീട് രണ്ട് വരി മാത്രം ചൊല്ലുന്ന രീതിയിലേക്ക് മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

03-Jun-2026