കൊച്ചി മെട്രോ നഷ്ടത്തിലല്ല, ധവളപത്രത്തിലെ കണക്കുകൾ തള്ളി KMRL

കഴിഞ്ഞ ദിവസം യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കൊച്ചി മെട്രോ വലിയ നഷ്ടത്തിലാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ധവളപത്രത്തിലെ കണക്കുകള്‍ തള്ളുകയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍. മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്നും ചെലവുകള്‍ക്ക് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

2022 മുതല്‍ പ്രവര്‍ത്തന ലാഭത്തിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ചെലവിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

2022- 2023 വര്‍ഷം പ്രവര്‍ത്തനലാഭം 5.35 കോടി രൂപയാണ്. 2023- 2024 വര്‍ഷം പ്രവര്‍ത്തനലാഭം 22.94 കോടി രൂപയും 2024- 2025 വര്‍ഷത്തെ പ്രവര്‍ത്തനലാഭം 33.34 കോടി രൂപയുമായിരുന്നു. 2025- 2026 വര്‍ഷം 50 കോടി രൂപയോളം പ്രവര്‍ത്തനലാഭം ഉണ്ടെന്നാണ് നിഗമനം.കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന് വേണ്ടി ചെലവായത് 6218.14 കോടി രൂപയാണ്. 3, 000 കോടി രൂപയിലേറെ വായ്പ എടുത്തിരുന്നു. വായ്പയിനത്തില്‍ സംസ്ഥാനം ഇനി തിരിച്ചടക്കാനുള്ളത് 2000 കോടിയോളം രൂപയാണ്.

05-Jun-2026