ധവളപത്ര വിവാദം: എ.ഐ. ഉപയോഗത്തെ ട്രോളി നിസ്സാരവൽക്കരിക്കരുത്: തോമസ് ഐസക്
അഡ്മിൻ
സംസ്ഥാന സർക്കാരിന്റെ ധവളപത്ര നിർമ്മാണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനകളെ ട്രോളി നിസ്സാരവൽക്കരിക്കുന്നവർക്ക് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഭരണരംഗത്തോ എഴുത്തിലോ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കാൻ പാടില്ലെന്ന അഭിപ്രായം തനിക്കില്ലെന്നും, എന്നാൽ ഔദ്യോഗിക വിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന ഗുരുതരമായ ചോദ്യമാണ് താൻ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൊതുവേദിയിൽ ലഭ്യമല്ലാത്ത അതീവ രഹസ്യ സ്വഭാവമുള്ള സർക്കാർ വിവരങ്ങൾ എ.ഐ. പ്ലാറ്റ്‌ഫോമുകളിലേക്ക് നൽകുമ്പോൾ സ്വീകരിക്കേണ്ട ചില പ്രത്യേക മുൻകരുതലുകളുണ്ട്. ഈ മാനദണ്ഡങ്ങൾ കേരള സർക്കാർ പാലിച്ചിട്ടുണ്ടോ എന്നാണ് തന്റെ ചോദ്യമെന്ന് ഐസക് പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സർക്കാരും വിവിധ കോടതികളും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
നിർമ്മിതബുദ്ധി ഉപയോഗിക്കുന്നതിന് അഥവാ എഐ സാങ്കേതികവിദ്യയ്ക്ക് സിപിഐ(എം) എതിരാണോയെന്ന് ചില വിദ്വാന്മാർ ചോദിച്ചു കണ്ടു. ധവളപത്രത്തിന്റെ ഗണ്യമായൊരു ഭാഗം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന എന്റെ വിമർശനത്തെ ട്രോളി തീർക്കാവുന്ന ഒന്നല്ല.
AI ഇന്ന് വിസ്ഫോടനകരമായ രീതിയിൽ ലോകസാമ്പത്തികത്തെയും ജീവിതത്തെയും മാറ്റിക്കൊണ്ടിരിക്കുകയാണ്. അത് ഉപയോഗപ്പെടുത്താൻ പാടില്ലായെന്നു പറയാനുള്ള വിഡ്ഡിത്തം എനിക്ക് ഇല്ല. പബ്ലിക് ഡൊമൈനിൽ ഇല്ലാത്ത സർക്കാർ വിവരങ്ങൾ ആകുമ്പോൾ സ്വീകരിക്കേണ്ട ചില മുൻകരുതലുകളുണ്ട്. അവ പാലിച്ചിട്ടുണ്ടോയെന്നാണ് കേരള സർക്കാരിനോടുള്ള ചോദ്യം.
ഇതു സംബന്ധിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരും കോടതികളും നൽകിയിട്ടുള്ളതാണ്.
195 പേജുള്ള ധവളപത്രത്തിന്റെ 40-79 പേജുകൾ AI നിർമ്മിതമാണെന്നാണ് GPTZero കണ്ടെത്തിയത്. ഇതിൽ ട്രഷറി ക്യാഷ്, ഓപ്പൺ മാർക്കറ്റ് ബോറോയിംങ്സ്, കമിറ്റഡ് എക്സ്പെൻഡീച്ചർ തുടങ്ങിയ കണക്കുകൾ സംബന്ധിച്ച വിശകലനമടങ്ങുന്ന അധ്യായം 2-ഉം ഉൾപ്പെടും. പ്രഥമദൃഷ്ടിയാൽ ഇത് ധനകാര്യ വകുപ്പ് നേരിട്ട് ചെയ്ത് വിദഗ്ദസമിതിക്ക് സമർപ്പിച്ചതാകാനാണ് സാധ്യത.
സർക്കാരിന്റെ വൻ തോതിലുള്ള ധനകാര്യ രേഖകൾ large language models (LLMs) വഴി പ്രോസസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. നിലവിലുള്ള മാർഗ്ഗ നിർദ്ദേശങ്ങളും നിയമപരമായ ബാധ്യതകളുമനുസരിച്ച് ധനകാര്യ രേഖകൾ LLMs വഴി പ്രോസസ് ചെയ്യാൻ പാടുള്ളതല്ല.
ധനവകുപ്പിന്റെ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ എല്ലാവർക്കും സ്വതന്ത്രമായി ലഭ്യമാകും വിധം രേഖകളുടെ ദുരുപയോഗത്തിന് ഇത് ഇടയാക്കും. ദൈനം ദിന ക്യാഷ് ബാലൻസ് അടക്കമുള്ളവ ഇനി ആർക്കും ലഭ്യമാകും.
രഹസ്യ സ്വഭാവമുള്ള രേഖകൾ LLM-കൾ ഉപയോഗിച്ച് പ്രോസസ് ചെയ്തത് ഗുരുതരമായ വീഴ്ചയാണ്. രഹസ്യ രേഖകൾ പരസ്യമാക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്.
1. കേരള ഹൈക്കോടതി (2025 ജൂലൈ 19) ന് രഹസ്യ വിവരങ്ങൾ പൊതുവായ LLM കളിൽ നൽകുന്നത് നിരോധിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ജനറേറ്റിവ് AI ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ അപകട സാധ്യതകളെക്കുറിച്ചും ഹൈക്കോടതി വിധിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2. 2026 ൽ സുപ്രീം കോടതി തന്നെ AI ഒരു സഹായക ഉപകരണം മാത്രമാണ് എന്നും സുരക്ഷിതവും അംഗീകൃതവുമായ സംവിധാനങ്ങൾക്ക് മുൻഗണന നൽകണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.
3. കേന്ദ്ര സർക്കാർ, ധനമന്ത്രാലയം ഉൾപ്പടെ വിവിധ മന്ത്രാലയങ്ങൾ സർക്കാർ ഡാറ്റയുടെ രഹസ്യ സ്വഭാവം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി chatgpt പോലുള്ള പൊതുവായ ജനറേറ്റിവ് AI ഉപകാരണങ്ങള ഔർദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കരുത് എന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
4. ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം 2023, ഔദ്യോഗിക രഹസ്യ നിയമം 1923 ഉം സെൻസിറ്റീവ് ആയ ഔദ്യോഗിക വ്യവരങ്ങളുടെ അനധികൃത പ്രോസസിംഗും ആശയവിനിമയവും തടയുന്നതിനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
5. കേരള ഡാറ്റ നിയമം 2025 അനുസരിച്ച് സർക്കാർ വിവരങ്ങൾ സുരക്ഷിതവും ധാർമികവുമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും ഉത്തരവാദിത്തപരമായ AI ഉപയോഗം ഭരണ രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
ധവളപത്രം തയ്യാറാക്കിയ വിദഗ്ദർ ധനകാര്യ വകുപ്പിന്റെ AI നിർമ്മിത വിശകലനത്തെ വേണ്ടത്ര വിമർശനബുദ്ധിയാൽ പരിശോധിക്കാതെ സ്വീകരിച്ചൂവെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ചില നിഗമനങ്ങൾ കേരള വികസനം സംബന്ധിച്ച് ഇവരൊക്കെ എഴുതിയിട്ടുള്ള നിലപാടുകൾക്ക് കടകവിരുദ്ധമാണ്. ചില ഉദാഹരണങ്ങൾ മാത്രം പറയട്ടെ:
കേരളത്തിലെ വികസനച്ചെലവിന്റെ തോത് ദേശീയശരാശരിയേക്കാൾ താഴ്ന്നതാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ധവളപത്രം എത്തിച്ചേർന്ന നിഗമനങ്ങളിൽ ഒന്ന് ഇതാണ്. ഒന്നു ചിന്തിച്ചാൽ കാരണം വ്യക്തമാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചെലവ് കണക്കിലെടുത്തിട്ടില്ല.
പദ്ധതിച്ചെലവിന്റെ 3.8 ശതമാനമേ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനായി ചെലവാക്കുന്നുള്ളൂവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? (വിശ്വസിച്ച് ദുർബലവിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചുവെന്ന റിപ്പോർട്ട് ഒരു പത്രത്തിൽ വായിച്ചു) ഇതിന്റെ സ്ഥിതിവിവര കണക്ക് പൊള്ളത്തരത്തെക്കുറിച്ച് ഇന്നലെ ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു.
കേരളം സർക്കാരിന്റെ വരുമാനത്തിന്റെ മുക്കാൽ ഭാഗവും ശമ്പളത്തിനും പെൻഷനും വേണ്ടിയാണ് ചെലവഴിക്കേണ്ടി വരുന്നത് എന്ന ആരോപണം. സർക്കാരിന്റെ മൊത്തം വരുമാനമല്ല തോത് കണക്കാക്കാൻ പരിഗണിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ തനതു വരുമാനം മാത്രമാണ്. കമ്മിറ്റഡ് എക്സ്പെൻഡീച്ചർ ഊതിവീർപ്പിക്കാൻ അല്ലാതെ ഇത്തരമൊരു തെരഞ്ഞെടുപ്പിന് എന്ത് യുക്തി?
AI ഉപയോഗപ്പെടുത്തണം. പക്ഷേ, സാങ്കേതിവിദ്യയുടെ ഈ വികാസഘട്ടത്തിൽ സ്വന്തം ബുദ്ധികൂടി ഉപയോഗിച്ചേ തീരൂ. മുൻകരുതലുകളും വേണം. ഇവ രണ്ടും ധവളപത്ര നിർമ്മാണത്തിൽ വേണ്ടത്ര ഉണ്ടായിട്ടുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്.
06-Jun-2026
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ