കരുവന്നൂര്‍ കേസിലെ സമന്‍സിനെതിരെ സിപിഎം

കരുവന്നൂര്‍ കേസിലെ സമന്‍സിനെതിരെ സിപിഎം. നേതാക്കളെ വേട്ടയാടി പാര്‍ട്ടിയെ തകര്‍ത്തുകളയാമെന്നത് ബിജെപിയുടേയും ഇ ഡിയടക്കമുള്ള ഏജന്‍സികടെയും വ്യാമോഹം മാത്രമാണെന്നും കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരില്‍ സിപിഎമ്മിന്റെ സമുന്നത നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണ് പിഎംഎല്‍എ കോടതിയുടെ തീരുമാനത്തിലുടെ വ്യക്തമാകുന്നത്.

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും എംപിയുമായ കെ രാധാകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗവും എംഎല്‍എയുമായ എ സി മൊയ്തീന്‍, സംസ്ഥാന കമ്മിറ്റിയംഗം എം എം വര്‍ഗീസ് അടക്കമുള്ളവര്‍ക്ക് അടുത്ത നാലിന് ഹാജരാകാനാണ് സമന്‍സ് അയച്ചത്. സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയേയും അക്കാലത്ത് ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.

ഇവരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് പ്രതിചേര്‍ത്തത് എന്ന് വ്യക്തമാണ്. ബിജെപിയുടെ ദാസന്‍മാരായി നിന്നുകൊണ്ട് ജനകീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി പാര്‍ട്ടിയെ തന്നെ ദുര്‍ബലപ്പെടുത്താനുമുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമാണിത്. അതിന് മുന്നില്‍ കീഴടങ്ങാന്‍ സിപിഎം ഒരുക്കമല്ല.


കെ രാധാകൃഷ്ണനും എ സി മൊയ്തീനും എം എം വര്‍ഗീസുമടക്കമുള്ള നേതാക്കളെ ജനങ്ങള്‍ക്ക് നന്നായി അറിയാവുന്നതാണ്. അവര്‍ അഴിമതി നടത്തിയെന്നോ ആരെയെങ്കിലും കൊള്ളയടിച്ചുവെന്നോ കള്ളപ്പണം വെളുപ്പിച്ചുവെന്നോ ഇ ഡി പറഞ്ഞാല്‍ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. പാര്‍ടി ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവര്‍ കരുവന്നൂര്‍ ബാങ്കിലെ അഴമിതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്.

സര്‍ക്കാരിനൊപ്പം നിന്ന് അഴിമതിക്കാര്‍ക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ച് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സംവിധാനമുണ്ടാക്കുകയുമാണ് ഇവര്‍ ചെയ്തത്. ബാങ്കിന്റെ പ്രവര്‍ത്തനം പഴയതുപോലെ സുഗമമാക്കാനും ഇവര്‍ പ്രയത്നിച്ചു.

കരുവന്നൂര്‍ ബാങ്കിന് എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും സംസ്ഥാന പൊലീസും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രാഷ്ട്രീയ താല്‍പര്യങ്ങളോടെ ഇ ഡി വന്നു കയറിയത്. ഇല്ലാത്ത കള്ളപ്പണക്കേസ് എടുത്ത് നേതാക്കളെ അകത്താക്കി കേന്ദ്ര ബിജെപിക്ക് ദാസ്യവേല ചെയ്യുന്ന ഈ അന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥരുടെ സ്ഥിതിയും കേരളം കണ്ടതാണ്.

ഇ ഡി ഉദ്യോഗസ്ഥരുടെ അഴിമതി കയ്യോടെപിടികൂടിയത് വിജിലന്‍സ് ഉദ്യോഗസ്ഥരാണ്. കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങിയതും പുറത്തുവന്നിട്ടുണ്ട്. നേതാക്കളെ വേട്ടയാടി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്നത് കേന്ദ്ര ബിജെപിയുടേയും ഇഡിയടക്കമുള്ള ഏജന്‍സികടെയും വ്യാമോഹം മാത്രമാണ്.

മറ്റേതെങ്കിലും പാര്‍ട്ടികളേയോ നേതാക്കളെയോ വിരട്ടിയും കോടതി കയറ്റിയും ഇഡി വഴി നേട്ടമുണ്ടാക്കുന്ന ബിജെപി, സിപിഎമ്മില്‍ നിന്ന് അത് പ്രതീക്ഷിക്കണ്ട. വൈരാഗ്യ ബുദ്ധിയോടെയുള്ള ഇഡി യുടെ നീക്കങ്ങളെ തിരിച്ചറിയണമെന്നും കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

07-Jun-2026