ഗാര്‍ഹിക പാചകവാതക വിലവര്‍ദ്ധനവ് പിന്‍വലിക്കണം: കെ എസ് കെ ടി യു

ഗാര്‍ഹിക പാചകവാതക വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്ന നടപടിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് വലയുന്ന സാഹചര്യത്തില്‍, പാചകവാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് പൂര്‍ണ്ണമായും തകര്‍ക്കുകയാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ ഒറ്റയടിക്ക് 60 രൂപ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോഴുള്ള 29 രൂപയുടെ വര്‍ദ്ധനവ്. മൂന്ന് മാസത്തിനിടെ 89 രൂപയുടെ ഭാരമാണ് സാധാരണക്കാരുടെ തലയില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. പൊതുമേഖലാ എണ്ണ കമ്പനികള്‍ കൊള്ളലാഭം കൊയ്യുമ്പോഴാണ് ജനങ്ങളെ പിഴിഞ്ഞുള്ള ഈ വിലവര്‍ദ്ധനവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് പ്രധാന എണ്ണ കമ്പനികള്‍ മാത്രം 77,280 കോടി രൂപയിലധികം രൂപയുടെ ലാഭം കൊയ്തിട്ടുണ്ട്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുണ്ടായ 2026 ജനുവരി, മാര്‍ച്ച് കാലത്ത് മാത്രം 19,470 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്രയേറെ ലാഭം കുന്നുകൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് സാഹചര്യമുണ്ടാക്കി കൊടുക്കുന്ന സര്‍ക്കാര്‍, ഒരു ആനുകൂല്യവും ജനങ്ങള്‍ക്ക് നല്‍കുന്നില്ല. അന്താരാഷ്ട്ര വിപണിയുടെ കാര്യം പറഞ്ഞ് സാധാരണക്കാരുടെ വയറ്റത്തടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കര്‍ഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം ഈ വിലവര്‍ദ്ധനവോടെ കൂടുതല്‍ ദുരന്തപൂര്‍ണ്ണമായി മാറിയിരിക്കുന്നു. സബ്‌സിഡികള്‍ വെട്ടിക്കുറച്ചും വില അടിക്കടി കൂടിയും കോര്‍പ്പറേറ്റുകളെയും എണ്ണകമ്പനികളെയും സഹായിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് പാവപ്പെട്ടവരെ വിറകടുപ്പിലേക്ക് തള്ളിയിടുന്ന ഭരണകൂട നിലപാടാണ്. സാധാരണക്കാരായ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഗണിച്ച്, വര്‍ദ്ധിപ്പിച്ച പാചകവാതക വില അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനായി പാചക വാതകത്തിന്‍മേലുള്ള നികുതി കുറയ്ക്കാനും സബ്‌സിഡി പുനഃസ്ഥാപിക്കാനും സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെ എസ് കെ ടി യു ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

08-Jun-2026