: എൽപിജി വിലവർധന; കേന്ദ്രസർക്കാരിനെതിരെ പിണറായി വിജയൻ

നങ്ങൾ ത്യാഗസന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന നിരവധി നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇതിൽ ഏറ്റവും പുതിയതായി ഗാർഹിക എൽ.പി.ജി. സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ച നടപടി സാധാരണക്കാരായ ജനങ്ങളുടെ ജീവിതഭാരം കൂടുതൽ കഠിനമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായി വിജയന്റെ ഈ വിമർശനം.

കേന്ദ്രത്തിന്റെ ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുമ്പോൾ പാചകവാതക വില വീണ്ടും കൂട്ടിയത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഗാർഹിക പാചക വാതകവില വർധിപ്പിക്കുന്നത്. ഈ ജനദ്രോഹ നടപടി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

വർധിപ്പിച്ച നിരക്ക് പ്രകാരം 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 951 രൂപയായി. മാർച്ച് ഏഴിന് സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. വാണിജ്യ പാചക വാതത്തിൻ്റെ വില ഇരട്ടിയിലധികം വർദ്ധിച്ചതിനാൽ ഹോട്ടൽ വ്യവസായം സമ്പൂർണ്ണ തകർച്ചയിലേക്ക് കൂപ്പ് കുത്തുകയാണ്. മെയ് പകുതിക്ക് ശേഷം പെട്രോൾ, ഡീസൽ വിലകളിൽ ലിറ്ററിന് മൊത്തത്തിൽ 7.50 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതിനൊപ്പം സിഎൻജിയ്ക്കും കിലോഗ്രാമിന് 6 രൂപയും വർധിച്ചു.

ജനങ്ങൾക്ക് ആശ്വാസം ഉറപ്പാക്കുന്ന വിധത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം. പെട്രോളിയം വില വർധനമൂലം ലഭ്യമാകുന്ന അധിക നികുതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും വിലക്കയറ്റത്തിന്റെ രൂക്ഷതയിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കണമെന്നും നിയമസഭയിൽ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തുടരുന്ന നിഷേധാത്മക – ജനദ്രോഹ നിലപാടുകൾ തിരുത്തണം.

08-Jun-2026