കിഫ്ബിക്ക് പകരം വെക്കാൻ യു.ഡി.എഫിന് വികസന മാതൃകയില്ല: തോമസ് ഐസക്

കേരളത്തിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയായ കിഫ്ബി പദ്ധതികളെക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന ബദൽ മുന്നോട്ടുവെക്കാൻ ഇന്നുവരെ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്ന് ടി.എം. തോമസ് ഐസക്. സംസ്ഥാനത്ത് കിഫ്ബി വേണ്ടെന്ന് തീരുമാനിക്കാൻ നിലവിലെ സർക്കാരിന് അവകാശമുണ്ടെന്നും എന്നാൽ കിഫ്ബി വഴി പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ പാടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി ചെലുത്തിയ സ്വാധീനം വ്യക്തമാക്കിക്കൊണ്ടായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. നിലവിൽ 60,000 കോടി രൂപയുടെ ബൃഹത്തായ വികസന പദ്ധതികളാണ് കിഫ്ബി വഴി സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ഈ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു കാരണവശാലും നിർത്തിവെക്കാൻ പാടില്ല. കിഫ്ബി പദ്ധതികൾ പാതിവഴിയിൽ നിർത്തിവെക്കാൻ സർക്കാർ തുനിഞ്ഞാൽ സംസ്ഥാനത്ത് വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ സൗകര്യം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത തോമസ് ഐസക്, അതോടൊപ്പം ചില സാമ്പത്തിക മുന്നറിയിപ്പുകളും നൽകി. സർക്കാർ പ്രഖ്യാപിക്കുന്ന സബ്‌സിഡികളുടെയും സൗജന്യങ്ങളുടെയും ടിക്കറ്റ് ചാർജ് തുക കെ.എസ്.ആർ.ടി.സി.ക്ക് കൃത്യമായി കൈമാറാൻ ഭരണകൂടം തയ്യാറാകണം.

ഈ തുക സർക്കാർ നൽകാതിരുന്നാൽ വണ്ടിയോടിക്കാൻ മാനേജ്‌മെന്റ് കടുത്ത പ്രതിസന്ധിയിലാകും. നിലവിലുള്ള പൊതുഗതാഗത സംവിധാനത്തെ തകർക്കുന്ന സമീപനം ഉണ്ടാകരുത്. മികച്ച രീതിയിൽ ലാഭത്തിൽ നടന്നിരുന്ന കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ പോലും ഇത്തരം അശാസ്ത്രീയമായ സബ്‌സിഡി നയങ്ങൾ കാരണം വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് നമ്മൾ കണ്ടതാണെന്നും തോമസ് ഐസക് ഓർമ്മിപ്പിച്ചു.

08-Jun-2026