തെരഞ്ഞെടുപ്പ് സമയത്തെ യുഡിഎഫ് വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങൾ ഇപ്പോൾ പുറത്തുവരുന്നു: എം.വി. ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കാൻ യു.ഡി.എഫ് നൽകിയ വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങൾ ഇപ്പോൾ ഓരോന്നായി പുറത്തുവരികയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻതോതിൽ പണം ഒഴുക്കിയെന്നും വലതുപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങളെ വേണ്ടവിധം പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുൻ ഇടതുപക്ഷ സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ സംഭവിച്ച വീഴ്ചയും സംഘടനാപരമായ ദൗർബല്യങ്ങളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി അദ്ദേഹം സ്വയംവിമർശനപരമായി വിലയിരുത്തി.
വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകൾക്കെതിരെ സി.പി.ഐ.എം ശക്തമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും അത് പൊതുജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ കഴിഞ്ഞില്ല. ഈ വിഷയത്തിലുണ്ടായ ആശയവിനിമയത്തിലെ അവ്യക്തത ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയ്ക്ക് കാരണമായി.
അയ്യപ്പ സംഗമം സംഘടിപ്പിച്ചത് സർക്കാരാണെന്ന രീതിയിൽ പ്രതിപക്ഷം നടത്തിയ പ്രചാരണവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായ പത്മകുമാറിനെ ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ തന്നെ പാർട്ടി മാറ്റിനിർത്തിയിരുന്നു. എന്നാൽ, നടപടി സ്വീകരിക്കാൻ വൈകിയെന്ന തരത്തിൽ ഉയർന്ന വ്യാജപ്രചാരണങ്ങൾ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദമായ ബന്ധുനിയമന കേസിൽ മന്ത്രി സണ്ണി ജോസഫിനെതിരെ എം.വി. ഗോവിന്ദൻ മാസ്റ്റർ കടുത്ത വിമർശനം ഉന്നയിച്ചു. ഈ അഴിമതിയിൽ ബെന്നി തോമസ് അല്ല രാജിവെക്കേണ്ടത്. മറിച്ച്, അധികാര ദുർവിനിയോഗവും സുജനപക്ഷപാതവും കാണിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി സണ്ണി ജോസഫാണ് അടിയന്തിരമായി രാജിവെക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.