കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി പാസ് ; കൂട്ടിയ ഓണ്‍ലൈന്‍ ചാര്‍ജ് പിന്‍വലിക്കണം:എസ്എഫ്‌ഐ

കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി പാസ് പുതുക്കാനുള്ള ഓണ്‍ലൈന്‍ ചാര്‍ജ് 10 രൂപയില്‍ നിന്ന് 110 രൂപയാക്കിയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ. ഈ നടപടി വിദ്യാര്‍ഥികളോടുള്ള വഞ്ചനയാണ്, കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ഥികളോടുള്ള നീതികേടാണ്. വിദ്യാര്‍ഥികളെ അണിനിരത്തി പ്രതിഷേധം തീര്‍ക്കുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.


കഴിഞ്ഞ അധ്യയന വര്‍ഷം വരെയും 10 രൂപക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പാസ്സ് ലഭിച്ചിരുന്നു. പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ചെറിയ തുക നല്‍കിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന യാത്ര പാസ്സാണ് നിലവില്‍ പതിനൊന്നിരട്ടി ചാര്‍ജ് വര്‍ധിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയിരിക്കുന്നത്. ഇത് കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളോടുള്ള നീതികേടാണ്.

ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ സ്‌കൂളുകളില്‍ പോകുവാനായി പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് പോരുന്നത്. ചെറിയ തുകക്ക് വിദ്യാര്‍ത്ഥി പാസ്സ് നല്‍കികൊണ്ട് അവരുടെ വിദ്യാഭ്യാസ അവകാശത്തെ സംരക്ഷിക്കുന്ന നിലപാടാണ് തുടര്‍ന്ന് പോന്നിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി പാസ്സിനുള്ള ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചത് അവരുടെ അവകാശത്തെ റദ്ദ് ചെയ്യുന്ന നടപടിയാണ്.

വഞ്ചനപരമായ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ്. വിദ്യാര്‍ത്ഥി പാസ്സ് പുതുക്കാനുള്ള ഓണ്‍ലൈന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തിയ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം യാത്രാവകാശ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിഷേധം തീര്‍ക്കുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

10-Jun-2026