തമിഴ്‌നാട്ടിൽ കോൺഗ്രസ് കാണിച്ചത് വഞ്ചന: പിണറായി വിജയൻ

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഗുരുതരമായ വെല്ലുവിളി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുകയാണെന്നും റെയിൽവേ, തപാൽ തുടങ്ങിയ പ്രധാന മേഖലകളിൽ നിയമന നിരോധനം നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ ബിജെപിയെ സഹായിക്കുന്നതാണെന്നും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ബിജെപിക്കെതിരെ ഒന്നിക്കേണ്ട സാഹചര്യമാണുള്ളതെങ്കിലും അതിന് കോൺഗ്രസിന് കഴിയുന്നില്ലെന്നും പിണറായി വിജയൻ വിമർശിച്ചു. ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

തമിഴ്നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, അധികാരവും മന്ത്രിസ്ഥാനം ലഭിക്കുന്നതിനുമായി കോൺഗ്രസ് മുന്നണി മാറ്റാൻ പോലും മടിച്ചില്ലെന്ന് ആരോപിച്ചു. ഇടതുപക്ഷം അവിടെ രാഷ്ട്രീയ മര്യാദ കാട്ടിയപ്പോൾ കോൺഗ്രസ് വഞ്ചനാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ സാമ്പത്തിക സമ്മർദങ്ങൾക്കിടയിലും കഴിഞ്ഞ പത്ത് വർഷക്കാലം സിവിൽ സർവീസിനെയും സർക്കാർ ജീവനക്കാരെയും സംരക്ഷിക്കാൻ കഴിഞ്ഞതായി പിണറായി വിജയൻ അവകാശപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം ചില ആനുകൂല്യങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടായിരുന്നുവെങ്കിലും ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2021-ലെ സത്യപ്രതിജ്ഞാ ചടങ്ങ് അന്നത്തെ പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നുവെന്നും, എന്നാൽ 2026-ൽ തങ്ങൾ ചടങ്ങിൽ പങ്കെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേമാതരം പൂർണമായും ആലപിച്ചതും ആർഎസ്എസിനെയും സംഘപരിവാറിനെയും തൃപ്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

സർവകലാശാലകളിൽ ആർഎസ്എസ് അജണ്ട നടപ്പാക്കപ്പെടുകയാണെന്നും, എം.ജി. സർവകലാശാലയിൽ സംഘപരിവാർ അനുകൂലിയെ വൈസ് ചാൻസലറായി നിയമിച്ചതിനെതിരെ സർക്കാർ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നും പിണറായി വിജയൻ വിമർശിച്ചു. സെനറ്റിലേക്ക് 19 സംഘപരിവാർ അനുകൂലികളെ നിയമിച്ചപ്പോഴും സർക്കാർ മൗനം പാലിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും, അതിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.

11-Jun-2026