പ്രിയദർശിനി സൗജന്യ യാത്ര തിരിച്ചടിയായി; സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യ ബസുകൾ

കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ. തുടർച്ചയായ നഷ്ടം മൂലം കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്താൻ ഒരുങ്ങുന്നതായി ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു.

ജൂലൈ മുതൽ സർവീസ് അവസാനിപ്പിക്കുന്നതിനായി സ്റ്റോപ്പേജ് നൽകാനാണ് തീരുമാനം. ജില്ലയിൽ 1500-ലധികം സ്വകാര്യ ബസുകളെ ഇത് ബാധിക്കുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതിന് പിന്നാലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും, അതേസമയം ഡീസൽ വില വർധിച്ചതും സ്വകാര്യ ബസുകളുടെ സാമ്പത്തിക ഭാരം വർധിപ്പിച്ചുവെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ പറഞ്ഞു.

പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തുന്ന വയനാട് റൂട്ടുകൾ ഉൾപ്പെടെ കോഴിക്കോട്, കുറ്റ്യാടി, കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് നഷ്ടം ഏറ്റവും രൂക്ഷമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

സർവീസ് അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുമെന്നും അതിന്റെ പ്രത്യാഘാതം നിരവധി കുടുംബങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും ബസ് ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.

സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നും, അല്ലാത്തപക്ഷം ജില്ലയിലെ പൊതുഗതാഗത രംഗത്ത് വലിയ പ്രതിസന്ധി രൂപപ്പെടാനിടയുണ്ടെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

27-Jun-2026