രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി ജെ പി പഠന ശിബിരം; ചുമതലക്കാരോട് വിശദീകരണം തേടി കെപിസിസി
അഡ്മിൻ
തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി ജെ പി പഠന ശിബിരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്ഥാപനത്തിന്റെ ചുമതലക്കാരോട് വിശദീകരണം തേടി കെപിസിസി നേതൃത്വം. സ്ഥാപനത്തിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. കെപിസിസിയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ 27,28 തീയതികളിലാണ് ബിജെപിയുടെ ചിന്തന്‍ ഷിബിര്‍ പരിപാടി നടന്നത്.
ബി ജെ പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വാടകയ്ക്ക് നൽകിയതാണ് കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ, രാഷ്ട്രീയ വ്യത്യാസമന്യേ വിവിധ സംഘടനകളുടെ പരിപാടികൾക്കായി ഇവിടെയുള്ള ഹാൾ സാധാരണയായി വാടകയ്ക്ക് നൽകാറുണ്ടെന്നാണ് സ്ഥാപനത്തിന്റെ ചുമതലക്കാരുടെ വിശദീകരണം. ബി ജെ പി പഠന ശിബിരത്തിൽ ആർ ശ്രീലേഖയടക്കമുള്ളവർ പങ്കെടുത്തിരുന്നു.
സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാനും പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരം തീരുമാനങ്ങൾ എടുത്തതിനെതിരെയും കർശന നടപടികളുടെ ഭാഗമായാണ് കെ പി സി സി ഇപ്പോൾ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ കൂടിതൽ നടപടികൾക്കാണ് സാധ്യത. സാധാരണ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കൊന്നും ഇത്തരത്തില്‍ ഹാള്‍ വിട്ടുകൊടുക്കുന്നതല്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍. നടത്തിപ്പ് ചുമതല കെപിസിസി ജനറല്‍ സെക്രട്ടറിക്കാണ്.