14 ലക്ഷം സ്ത്രീകളുടെ ക്ഷേമപദ്ധതി പ്രതിസന്ധിയിൽ; സർക്കാരിനെതിരെ നിയമസഭയിൽ എൽഡിഎഫിന്റെ വിമർശനം

സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് നിയമസഭയിൽ സർക്കാർ അനുമതി നിഷേധിച്ചു. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി നിലവിലെ സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് റൂൾ 50 പ്രകാരം എൽഡിഎഫ് എംഎൽഎ എ.സി. മൊയ്തീൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ഏകദേശം 14 ലക്ഷം പാവപ്പെട്ട സ്ത്രീകളെ നേരിട്ട് സഹായിക്കുന്ന ക്ഷേമപദ്ധതിയാണ് സ്ത്രീ സുരക്ഷാ പദ്ധതിയെന്നും അതിന്റെ പ്രവർത്തനം തടസപ്പെടുത്തുകയാണ് സർക്കാരിന്റെ നിലപാടെന്നും എ.സി. മൊയ്തീൻ സഭയിൽ ആരോപിച്ചു. അതിവേഗ തീരുമാനങ്ങളെടുക്കുമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ പാവപ്പെട്ട സ്ത്രീകളുടെ കാര്യത്തിൽ മാത്രം കാലതാമസം വരുത്തുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണ് സർക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും മൊയ്തീൻ കുറ്റപ്പെടുത്തി. അതേസമയം, ഗുണഭോക്താക്കളെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് സർക്കാർ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത രീതിയിൽ ഗുരുതരമായ അപാകതകളുണ്ടെന്നാണ് മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചത്. എന്നാൽ, സ്ത്രീ സുരക്ഷാ പദ്ധതിക്ക് വ്യക്തവും സുതാര്യവുമായ മാനദണ്ഡങ്ങളുണ്ടെന്ന് എ.സി. മൊയ്തീൻ തിരിച്ചടിച്ചു. 2025 നവംബറിലാണ് പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിച്ചതെന്നും വിശദമായ പരിശോധനകൾക്കു ശേഷമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ ഏകപക്ഷീയമായ നടപടികളല്ല നടന്നതെന്നും ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാത്ത സമിതിയാണ് പരിശോധനയും തെരഞ്ഞെടുപ്പും നടത്തിയതെന്നും മൊയ്തീൻ പറഞ്ഞു. ഗുണഭോക്താക്കളെക്കുറിച്ച് മുഖ്യമന്ത്രി സംശയം ഉന്നയിക്കുന്നത് ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ ജനങ്ങളുടെ അംഗീകാരത്തോടെയാണ് എൽഡിഎഫ് സർക്കാർ സ്ത്രീ സുരക്ഷാ പദ്ധതി നടപ്പാക്കിയതെന്നും കഴിഞ്ഞ സർക്കാരിന്റെ ബജറ്റിൽ ഇതിനായി 3,720 കോടി രൂപ വകയിരുത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്ത സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്നും എ.സി. മൊയ്തീൻ വ്യക്തമാക്കി.

29-Jun-2026