മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നുവെന്ന് സർക്കാരിനെതിരെ പിണറായി വിജയൻ

മത്സ്യത്തൊഴിലാളികളോടുള്ള യുഡിഎഫ് സർക്കാരിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ സമയബന്ധിതമായി ലഭിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

‘കടലിന്റെ മക്കൾ’ വലിയ അനിശ്ചിതത്വത്തിലും ആശങ്കയിലുമാണെന്ന് ചൂണ്ടിക്കാട്ടിയ പിണറായി, മുൻ സർക്കാരിന്റെ കാലത്ത് കൃത്യമായി വിതരണം ചെയ്തിരുന്ന ധനസഹായങ്ങൾ ഇപ്പോൾ മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ചു. ചിലയിടങ്ങളിൽ വിതരണം ആരംഭിച്ചതായും മറ്റുചിലയിടങ്ങളിൽ ഉടൻ തുടങ്ങുമെന്നുമാണ് സർക്കാർ പറയുന്നതെങ്കിലും, പൂർണമായി എപ്പോൾ വിതരണം പൂർത്തിയാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം വിമർശിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ധനസഹായം മുൻ സർക്കാരിന്റെ കാലത്ത് 4,500 രൂപയിൽ നിന്ന് 6,000 രൂപയായി വർധിപ്പിച്ചിരുന്നുവെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ആ തുക പോലും വിതരണം ചെയ്യാതെ വയ്ക്കുന്നത് സാധാരണക്കാരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളോട് ചെയ്യുന്ന അനീതിയാണെന്ന് പറഞ്ഞു.

പുനർഗേഹം പദ്ധതിയുടെ ഭാവിയെക്കുറിച്ചും പിണറായി ആശങ്ക പ്രകടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി നിരവധി നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും, അവയുടെ ഭാവി എന്താകുമെന്നതിൽ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും തീരദേശ ജീവിതത്തിനും നിർണായക സംഭാവന നൽകുന്ന മത്സ്യത്തൊഴിലാളികൾ സംസ്ഥാനത്തിന്റെ സേനയാണെന്നും, അവർക്ക് പ്രഖ്യാപിച്ച സമാശ്വാസങ്ങളും ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

സർക്കാർ ഇതുവരെ അതിന് അനുകൂലമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും, മത്സ്യത്തൊഴിലാളി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

 
 
 

30-Jun-2026