ദൽമാണ്ടി റോഡ് വികസന പദ്ധതി വിവാദത്തിൽ; സുപ്രീം കോടതി ഇടപെടണമെന്ന് സിപിഎം ആവശ്യം
അഡ്മിൻ
അലഹബാദ് ഹൈക്കോടതി പൊതുആവശ്യങ്ങൾക്കായി പള്ളികൾ ഏറ്റെടുക്കാമെന്നു വ്യക്തമാക്കിയ വിധിക്കെതിരെ സിപിഐഎം രംഗത്ത്. ന്യൂനപക്ഷ അവകാശങ്ങൾക്കും രാജ്യത്തിന്റെ മതേതര സ്വഭാവത്തിനുമെതിരായ ആസൂത്രിത നീക്കമാണിതെന്ന് പാർട്ടി ആരോപിച്ചു. 1991-ലെ ആരാധനാലയ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ വിധി ദുർബലപ്പെടുത്തുന്നുവെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
പൊതു ആവശ്യങ്ങൾക്കായി പള്ളികൾ ഏറ്റെടുക്കുന്നത് നിയമം വിലക്കുന്നില്ലെന്ന കോടതി നിരീക്ഷണം ആരാധനാലയ നിയമത്തെ അർഥശൂന്യമാക്കുന്നതാണെന്ന് പാർട്ടി വിമർശിച്ചു. ഒരു പള്ളി പൊളിക്കപ്പെടുമ്പോൾ അതിന്റെ മതപരമായ സ്വഭാവം തന്നെ ഇല്ലാതാകുന്നതായും ഇത് നിയമം തടയാൻ ലക്ഷ്യമിട്ട സാഹചര്യത്തിന് വിരുദ്ധമാണെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.
വാരണാസിയിലെ ദൽമാണ്ടി മേഖലയിലെ റോഡ് വികസന പദ്ധതിക്കായി മുസ്ലീം ഭൂരിപക്ഷ പ്രദേശം തന്നെ ലക്ഷ്യമിട്ടതിൽ സംശയമുണ്ടെന്നും സിപിഐഎം ആരോപിച്ചു. തലമുറകളായി വ്യാപാരം നടത്തി വന്ന മുസ്ലീം കുടുംബങ്ങളുടെ ഉപജീവന അവകാശം കോടതി പരിഗണിച്ചില്ലെന്നും പാർട്ടി പറഞ്ഞു.
ബാധിതർക്കുള്ള പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ ആത്മാവും അവഗണിക്കപ്പെട്ടുവെന്ന് സിപിഐഎം ആരോപിച്ചു. അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കണമെന്നും, കാശി വിശ്വനാഥ് ഇടനാഴിയുമായി ബന്ധപ്പെട്ട റോഡ് വികസന പദ്ധതിയിൽ ബാധിക്കപ്പെടുന്ന ആരാധനാലയങ്ങളും കുടുംബങ്ങളും സംരക്ഷിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.