അയോധ്യയിലെ കൊള്ളയ്‌ക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് ഉദ്ധവ് താക്കറെ

അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവനകളിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്ത്. മുംബൈ ദാദറിലെ ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ സംഘടിപ്പിച്ച ‘രാമരക്ഷാ ആന്ദോളൻ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമന്റെ പേരിൽ ബിജെപി സർക്കാർ ഹിന്ദുക്കളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

ഇന്ന് ഹിന്ദുക്കൾ മയക്കത്തിലാണെന്നും രാമന്റെ പേരിൽ നടക്കുന്ന ഈ കൊള്ളയ്‌ക്കെതിരെ രാജ്യത്തെ മുഴുവൻ ഹിന്ദുക്കളും സംഘടിച്ച് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഹിന്ദുക്കൾ ഭയന്നിരുന്ന കാലത്ത് അവർക്ക് ആത്മവിശ്വാസം പകർന്നത് തന്റെ പിതാവായ ബാലാസാഹേബ് താക്കറെയാണെന്നും, അതേ പാത പിന്തുടർന്ന് അനീതിയുടെ ലങ്കയ്ക്ക് തങ്ങൾ തീയിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിൽ തുടങ്ങിയ ഈ കൊള്ള ഇപ്പോൾ അയോധ്യയിൽ എത്തിനിൽക്കുന്നുവെന്ന് ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. അയോധ്യ വെറുമൊരു തുടക്കം മാത്രമാണെന്നും, കാശിയും മഥുരയും അടുത്ത ലക്ഷ്യങ്ങളാണെന്നുമുള്ള ബിജെപിയുടെ വാദങ്ങൾ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ രാമചരിതമാനസിന് സ്വർണം പൂശാൻ സംഭാവന നൽകിയ ഒരു കിലോയിലധികം സ്വർണം എവിടെപ്പോയി എന്ന് ചോദിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾ കടുത്ത രാജ്യസ്‌നേഹികളായ ഹിന്ദുക്കളാണെങ്കിലും, ആരെയും വിഡ്ഢികളാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മഹാരാഷ്ട്രയിലുടനീളം സമാനമായ രീതിയിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.

06-Jul-2026