ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കും പ്രചാരണ കട്ടൗട്ടുകൾക്കുമായി തയ്യാറാക്കിയ ബില്ലുകളിൽ കമ്മീഷൻ പങ്കിട്ടെടുക്കുന്നതിനെക്കുറിച്ച് സംസ്ഥാന കമ്മിറ്റി അംഗവും ഒരു ജില്ലാ നേതാവും തമ്മിൽ നടത്തിയതായി പറയപ്പെടുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ന്യൂസ് മലയാളത്തിന് ലഭിച്ച വിവരങ്ങൾ പ്രകാരം, കട്ടൗട്ട് നിർമ്മാണത്തിന്റെയും പ്രചാരണ സാമഗ്രികളുടെയും ബില്ലുകളിൽ അധിക തുക ഉൾപ്പെടുത്തി അത് പരസ്പരം പങ്കിടുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് ശബ്ദരേഖയിലുള്ളത്. “ഡൈ കട്ട് ബോർഡുകൾക്കും സ്‌ക്വയർ ബോർഡുകൾക്കും ഓരോന്നിനും നിശ്ചിത തുക വീതം പങ്കിടാം, മൊത്തത്തിൽ വലിയ തുകയുടെ ബിൽ തയ്യാറാക്കണം” എന്ന തരത്തിലുള്ള സംഭാഷണമാണ് രേഖയിൽ ഉള്ളതെന്നാണ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകൾ ക്രമീകരിക്കുന്നതിനും അധിക ഇൻവോയിസുകൾ ഉൾപ്പെടുത്തി കണക്കുകൾ പൊരുത്തപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങളും സംഭാഷണത്തിൽ ഉണ്ടെന്നാണ് ആരോപണം. ഇതോടെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് കൂടുതൽ ശക്തി ലഭിച്ചിരിക്കുകയാണ്.
ഇതിനിടെ, യാത്രാ ചെലവുകളിലും വൻ ക്രമക്കേടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഒരു ദിവസം 27 മണിക്കൂർ വാഹനം ഓടിച്ചതായി കാണിച്ച് ലക്ഷക്കണക്കിന് രൂപയുടെ വ്യാജ ബില്ലുകൾ സമർപ്പിച്ച സംഭവവും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം നോർത്ത് മണ്ഡലത്തിലെ ഒരു ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ടൂർസ് ആൻഡ് ട്രാവൽസ് സ്ഥാപനത്തിന്റെ ബില്ലുകളിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളാണ് ഇപ്പോൾ പാർട്ടിക്കുള്ളിലും പുറത്തും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്കെടുപ്പും ഓഡിറ്റും കൃത്യമായി പൂർത്തിയാക്കിയെന്നാണ് സംസ്ഥാന നേതൃത്വം അടുത്തിടെ അവകാശപ്പെട്ടിരുന്നത്. എന്നാൽ അതിന് പിന്നാലെ ഒന്നിന് പിന്നാലെ ഒന്നായി പുറത്തുവരുന്ന രേഖകളും ശബ്ദരേഖകളും നേതൃത്വത്തിന്റെ വിശദീകരണങ്ങളെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.