എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം

മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം.സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.സൈബർ സെൽ പൊലീസ് ഡൽഹിയിലേക്ക് അന്വേഷണത്തിനായി പോകും.ജൂലൈ ആറിനാണ് ഫോണ്‍ കോള്‍ വന്നത്.വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണെന്നാണ് എംഎല്‍എയോട് പറഞ്ഞത്.

മന്ത്രിസഭ പുനഃസംഘടന വരാനിരിക്കുകയാണെന്നും നിലവിലുള്ള പല മന്ത്രിമാരും മാറുമെന്നും വിളിച്ചയാള്‍ പറഞ്ഞു.മൂന്ന് കോടി രൂപ നല്‍കുകയാണെങ്കില്‍ മന്ത്രിപദം ശരിയാക്കാം ന്ന രീതിയിലാണ് വിളിച്ചയാള്‍ ഹിന്ദിയില്‍ സംസാരിച്ചതെന്ന് എംഎല്‍എ പറയുന്നു.ജില്ലയിലെ മറ്റൊരു എംപിയുടെ പേര് റെഫറന്‍സായി വെച്ചുകൊണ്ടായിരുന്നു സംസാരം.

തുടര്‍ന്ന് വിദ്യ ബാലകൃഷണന്‍ ഈ എംപിയുമായി ബന്ധപ്പെട്ടു.എഐസിസി ആസ്ഥാനത്തു നിന്നാണെന്ന് പറഞ്ഞ് വിളിച്ച് രണ്ട് എംഎല്‍എമാരുടെ നമ്പര്‍ ചോദിച്ചിരുന്നുവെന്നും അതല്ലാതെ ഇതിനെക്കുറിച്ച് അറിയില്ല എന്നുമാണ് എംപി പറഞ്ഞത്. തുടര്‍ന്നാണ് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കി പതിനൊന്നാം തീയതി സൈബര്‍ സെല്ലില്‍ പരാതി നൽകുന്നത്.

16-Jul-2026