ഇഎസ്എയിൽ കോൺഗ്രസും ബിജെപിയും ഒരേ നിലപാട്; ജോൺ ബ്രിട്ടാസ് എംപിയുടെ വിമർശനം
അഡ്മിൻ
ഇഎസ്എ (പരിസ്ഥിതി ലോല മേഖല) നിയമവുമായി ബന്ധപ്പെട്ട് തിരുവമ്പാടിയിൽ സിപിഐഎം സംഘടിപ്പിച്ച രാപകൽ സമരത്തിൽ കേന്ദ്ര സർക്കാരിനും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ വിമർശനവുമായി രാജ്യസഭാംഗം ഡോ. ജോൺ ബ്രിട്ടാസ്. താനൊരു മലയോര കർഷക കുടുംബത്തിൽ നിന്നുള്ള ആളാണെന്നും കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും അനുഭവിച്ചും വളർന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.
ഇഎസ്എ വിഷയത്തിൽ കോൺഗ്രസും ബിജെപിയും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച ജോൺ ബ്രിട്ടാസ്, ഇരു പാർട്ടികളും മാറിമാറി ജനങ്ങളെ വഞ്ചിച്ചുവെന്നും വിമർശിച്ചു. കർഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കരുതെന്നും, വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് വന്യജീവി കോൺക്ലേവ് പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപന്നികളെ കൊന്നാൽ കടുവയ്ക്ക് ഭക്ഷണം ലഭിക്കില്ലെന്ന കേന്ദ്ര മന്ത്രിയുടെ പരാമർശവും അദ്ദേഹം വിമർശിച്ചു. വന്യമൃഗ ശല്യം മൂലം ദുരിതമനുഭവിക്കുന്ന കർഷകരുടെ യാഥാർഥ്യങ്ങൾ കേന്ദ്ര സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇഎസ്എ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കുക എന്നതാണ് രാപകൽ സമരത്തിന്റെ പ്രധാന ആവശ്യം. കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമരവേദിയിൽ ഉയർന്നത്.
ഇഎസ്എ പ്രശ്നം സംസ്ഥാനത്തെ പല മേഖലകളിലും നിലനിൽക്കുമ്പോൾ തിരുവമ്പാടിയെ മാത്രം കേന്ദ്രീകരിച്ച് ചില നീക്കങ്ങൾ നടക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സിപിഐഎം ആരോപിച്ചു.