വിവാദങ്ങളിൽ വ്യക്തത വേണം; യുഡിഎഫ് സർക്കാരിനോട് സമസ്ത

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ മുഖപ്രസംഗം. 102 സീറ്റുകളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ യുഡിഎഫിന് നാല് മാസം തികയും മുമ്പ് എന്തുകൊണ്ട് ജനപിന്തുണയിൽ ഇടിവുണ്ടായെന്ന് ഗൗരവമായി പരിശോധിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 22 സിറ്റിങ് സീറ്റുകളുമായി മത്സരിച്ച യുഡിഎഫിന് മൂന്ന് സീറ്റുകൾ നഷ്ടമായി 19 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ, 15 സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് സീറ്റ് നില 18 ആയി ഉയർത്തിയതും ശ്രദ്ധേയമാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുകയും പല വാർഡുകളിലും ഭൂരിപക്ഷം കുറയുകയും ചെയ്ത സാഹചര്യത്തിൽ അതിൽനിന്നുള്ള രാഷ്ട്രീയ സന്ദേശം അവഗണിക്കാനാവില്ലെന്നും വിലയിരുത്തുന്നു.

സർക്കാരിനെ ചുറ്റിപ്പറ്റി കഴിഞ്ഞ മാസങ്ങളിൽ ഉയർന്നുവന്ന വിവാദങ്ങളും ആരോപണങ്ങളും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടോയെന്ന് യുഡിഎഫ് പരിശോധിക്കണമെന്ന് മുഖപ്രസംഗം പറയുന്നു. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്രകളിലെ സ്പോൺസർഷിപ്പ് വിവാദങ്ങൾ, ഔദ്യോഗിക ബോർഡുള്ള സ്വകാര്യ വാഹന ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ഭരണത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചതായി പരാമർശിക്കുന്നു.

അതേസമയം, തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തെ മാത്രം അടിസ്ഥാനമാക്കി സർക്കാരിന്റെ ജനപിന്തുണയെക്കുറിച്ച് അന്തിമ നിഗമനത്തിലെത്താനാകില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. പ്രാദേശിക വിഷയങ്ങൾ, സ്ഥാനാർഥികളുടെ സ്വാധീനം, സംഘടനാ പ്രവർത്തനം തുടങ്ങിയ നിരവധി ഘടകങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ജനവിധിയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ രാഷ്ട്രീയ മുന്നറിയിപ്പുകളുടെ തുടക്കമാകാമെന്നും, ഈ ഫലത്തെ തിരുത്തലുകൾ ആവശ്യപ്പെടുന്ന ജനാധിപത്യ മുന്നറിയിപ്പായി കാണുന്നതാണ് ഉചിതമെന്നും സുപ്രഭാതം അഭിപ്രായപ്പെട്ടു. കൂടുതൽ സുതാര്യത, നയപരമായ വ്യക്തത, വിമർശനങ്ങളോടുള്ള ജനാധിപത്യ സമീപനം എന്നിവ സ്വീകരിക്കുന്നതിലൂടെ മാത്രമേ ജനവിശ്വാസം നിലനിർത്താനാകൂവെന്നും മുഖപ്രസംഗം കൂട്ടിച്ചേർത്തു.

30-Sep-2026