തിരുവനന്തപുരം സംഘർഷം ഇന്ത്യ സഖ്യത്തെ ബാധിക്കില്ലെന്ന് എം.എ. ബേബി

തലസ്ഥാനത്ത് ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പവർകട്ട് സമയത്ത് സമരം നടത്തുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിദ്യാർഥികൾ കൂവിയതോടെയാകാം സംഘർഷത്തിന് തുടക്കമായതെന്നും ആദ്യ ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം സംഭവത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിനുള്ളിൽ യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് എം.എ. ബേബി പറഞ്ഞു. ഇത് കേരളത്തിലെ ഒരു പ്രാദേശിക വിഷയമാണെന്നും ദേശീയതലത്തിൽ സഖ്യത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള സാഹചര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ കെ.സി. വേണുഗോപാൽ ഇടപെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിയന്ത്രിക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യ സഖ്യത്തെ പരിഹസിക്കുന്ന ബിജെപിയുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു.

ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ ബിജെപിക്ക് മറ്റുള്ളവരെ വിമർശിക്കുന്നതിന് മുമ്പ് സ്വന്തം സാഹചര്യങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സംഘർഷവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് എം.എ. ബേബിയുടെ പ്രതികരണം

01-Oct-2026