‘യുഡിഎഫ് സർക്കാർ പൊലീസിനെ കയറൂരിവിട്ട് വിദ്യാർഥി വേട്ട നടത്തുന്നു’; വി. ശിവൻകുട്ടി

യുഡിഎഫ് സർക്കാർ പൊലീസിനെ കയറൂരിവിട്ട് വിദ്യാർഥികളെ വേട്ടയാടുകയാണെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി. അർധരാത്രിയിൽ വീടുകളിൽ കയറി വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

സ്കൂൾ വിദ്യാർഥികളെപ്പോലും കണ്ടോൺമെന്റ് എസ്‌ഐ ഗോകുൽ മർദിച്ചുവെന്നും ഇതിൽ 25 വിദ്യാർഥികൾക്ക് പരുക്കേറ്റെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു വിദ്യാർഥിക്ക് കാഴ്ച നഷ്ടപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. പരുക്കേറ്റ വിദ്യാർഥികൾക്കെതിരെ തന്നെ പൊലീസിനെ ആക്രമിച്ചുവെന്ന പേരിൽ കേസെടുത്തിരിക്കുകയാണ്. പ്രതികാര നടപടിയുടെ ഭാഗമായി വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുകയാണെന്നും എസ്എഫ്‌ഐ ഭാരവാഹികളെ തിരഞ്ഞുപിടിച്ച് കേസുകളിൽ പ്രതികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ എസ്‌ഐ ഗോകുൽ പ്രതികാര നടപടികളാണ് സ്വീകരിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു. മന്ത്രി ഒ.ജെ. ജനീഷിന്റെ നിർദേശപ്രകാരമാണ് പൊലീസിന്റെ ഏകപക്ഷീയമായ നടപടികളെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണെന്നും ആരോപിച്ചു.

വിഷയത്തിൽ ആഭ്യന്തരമന്ത്രിയെ നേരിൽ കാണുമ്പോൾ ഇക്കാര്യങ്ങൾ അറിയിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധം കേരളത്തിൽ ആദ്യമായി നടക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിട്ടുണ്ടെന്നും അത്തരം പ്രതിഷേധങ്ങളെ ജനാധിപത്യപരമായ സമരത്തിന്റെ ഭാഗമായാണ് കണ്ടിരുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ചെറിയ പ്രതിഷേധം ഉണ്ടാകുമ്പോൾ തന്നെ വലിയ കുറ്റകൃത്യം നടന്നതുപോലെ പ്രതികരിക്കുന്ന നിലപാടാണ് നിലവിലെ യുഡിഎഫ് സർക്കാരിനെന്നും അദ്ദേഹം വിമർശിച്ചു.

02-Oct-2026