അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐപിഎസും ബിജെപിയിലേക്ക്
അഡ്മിൻ
അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐപിഎസും ബിജെപിയിലേക്കെന്ന് സൂചന. ട്വന്റി ഫോർ ന്യുസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ ബിജെപി ദേശീയ നേതൃത്വവുമായി ജേക്കബ് തോമസ് ചർച്ചകൾ നടത്തിയെന്നും, കാത്തിരിക്കാനാണ് നിർദ്ദേശം നൽകിയെന്തെന്നുമാണ് ട്വന്റി ഫോർ ന്യുസ് റിപ്പോർട്ട് ചെയ്യുന്നത്.
ബിജെപി ദേശീയ സഹസംഘടന സെക്രട്ടറി ബി എൽ സന്തോഷുമായാണ് പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് ജേക്കബ് തോമസ് ചർച്ച നടത്തിയത്. കേരളത്തിൽ നിന്നുള്ള മുതിർന്ന ആർഎസ്എസ് നേതാവിനൊപ്പമായിരുന്നു കൂടിക്കാഴ്ച. ബിജെപിയിൽ ചേരാനുള്ള താൽപര്യം പാർട്ടി ദേശീയ നേതൃത്വത്തെ ജേക്കബ് തോമസ് അറിയിച്ചു. എന്നാൽ നിലവിൽ കാത്തിരിക്കാനുള്ള നിർദ്ദേശമാണ് ബിജെപി നേതൃത്വത്തിൽ നിന്നും ജേക്കബ് തോമസിന് കിട്ടിയത്. അനുകൂല സാഹചര്യം വരുമ്പോൾ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയത് എന്നാണു ട്വന്റി ഫോർ ന്യുസ് റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20-20 സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ മത്സരിക്കാൻ ജേക്കബ് തോമസ് രംഗത്ത് വന്നിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. തുടർന്നാണ് ബിജെപിയുമായുള്ള ചർച്ചകൾ ആരംഭിച്ചത്. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതും ബിജെപിയോടടുക്കാൻ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ പിണറായി സർക്കാരുമായും കോൺഗ്രസുമായും തുറന്ന പോരിലാണ് ജേക്കബ് തോമസ്.