കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ കൂട്ടരാജി തുടരുന്നു; പിന്നിൽ സിദ്ധരാമയ്യയുടെ അധികാരമോഹമെന്നു സൂചന

കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ കൂട്ടരാജി തുടരുന്നു. ഇതുവരെ 14 എംഎല്‍എമാര്‍ രാജിവെച്ചിട്ടുണ്ടെന്ന് ജെഡിഎസ് വിമത നേതാവ് എച്ച്.വിശ്വനാഥ് അറിയിച്ചു. നിയമസഭ സ്പീക്കറുടെ ഓഫീസില്‍ എത്തിയാണ്‌ രാജി നൽികയത്‌. സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച ശേഷം എംഎല്‍എമാര്‍ ഗവര്‍ണര്‍ വാജുഭായ് വാലയേയും കണ്ടു.

ഇതിനിടെ രാജിവെച്ച ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം സമവായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ചില എംഎല്‍എമാര്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ തങ്ങളുടെ രാജി പിന്‍വലിക്കാമെന്നാണ് ഈ എംഎല്‍എമാര്‍ അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ രാജിവെച്ചിരിക്കുന്ന എംഎല്‍എമാരില്‍ മിക്കവരും അദ്ദേഹത്തോട് അനുഭാവം പുലര്‍ത്തുന്നവരാണ് എന്നതും ശ്രദ്ധേയമാണ്. നേരത്തെ തന്നെ സിദ്ധരാമയ്യയുമായി അടുത്ത് നില്‍ക്കുന്ന എംഎല്‍എമാര്‍ ഈ ആവശ്യം രഹസ്യമായി മുന്നോട്ട് വെച്ചിരുന്നു. ഇതാണ് ഇവരുടെ രാജിക്ക് പിന്നിൽ സിദ്ധരാമയ്യയാണ് എന്ന സംശയം വർദ്ദിപ്പിച്ചത്.

അതേ സമയം ഇപ്പോഴത്തെ നീക്കങ്ങളില്‍ തത്കാലം ഇടപെടില്ലെന്ന് ബിജെപി നേതാവ് ബി.എസ്.യദ്യൂരപ്പ പറഞ്ഞു. സമയമാകുമ്പോള്‍ തങ്ങള്‍ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

06-Jul-2019