നിയമസഭ മന്ദിരത്തില്‍നിന്ന് കാണാതായ കംപ്യൂട്ടറുകളും എയര്‍കണ്ടീഷണറുകളും മുന്‍ സ്പീക്കറുടെ വസതിയിൽ.
അഡ്മിൻ
ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭ മന്ദിരത്തില്‍നിന്ന് കാണാതായ കംപ്യൂട്ടറുകളും എയര്‍കണ്ടീഷണറുകളും ഫര്‍ണ്ണീച്ചറുകളും മുന്‍ സ്പീക്കറുടെ വസതിയിലേക്ക് കടത്തിയെന്നു ആരോപണം. മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കോഡെല ശിവപ്രസാദ് റാവുവിന്റെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന സത്തേനപള്ളിയിലെ വസതിയിലാണ് സാധനങ്ങളുള്ളത്. മാധ്യമങ്ങൾ ഇത് വാർത്തയാക്കിയതോടെ ഫര്‍ണ്ണീച്ചറുകള്‍ തന്റെ വസതിയിലുണ്ടെന്ന് സമ്മതിച്ച് കോഡെല ശിവപ്രസാദും രംഗത്തെത്തി. നിയമസഭ മന്ദിരം ഹൈദരാബാദില്‍നിന്നും അമരാവതിയിലേക്ക് മാറ്റുന്ന നടപടികളുടെ മറവിലാണ് ശിവപ്രസാദ് റാവു ഇവയെല്ലാം സ്വവസതിയിലേക്ക് കടത്തിയത്. എന്നാൽ ഫര്‍ണ്ണീച്ചറുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ഇത് ചെയ്തതെന്നും, കടത്തിയതല്ലെന്നും താത്കാലികമായി അവ വീട്ടില്‍ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇവ കൈമാറാന്‍ താന്‍ തയ്യാറാണെന്നും ഇനി പണം വേണമെങ്കില്‍ അതും നല്‍കാമെന്നും മുന്‍ സ്പീക്കര്‍ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇവയെല്ലാം കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും അവർ നടപടിയൊന്നുമെടുത്തില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഫര്‍ണ്ണീച്ചറുകളും കംപ്യുട്ടറുകളും കാണാതായ സംഭവത്തില്‍ കോഡെല ശിവപ്രസാദിന് കത്തയച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ലെന്നാണ് നിയമസഭ സെക്രട്ടറിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു.