തരൂര്‍ ബി ജെ പിയിലേക്ക്. അമിത് ഷാ മോഡിയുമായി ചര്‍ച്ച നടത്തും

കോണ്‍ഗ്രസിന്റെ തിരുവനന്തപുരം എം പിയും എഴുത്തുകാരനും പണ്ഡിതനുമായ ശശി തരൂര്‍ ബി ജെ പിയിലേക്ക് പോകുന്ന കാര്യം ഏതാണ്ട് ഉറപ്പായി. തരൂരിന്റെ സ്ഥാനം സംബന്ധിച്ച് അമിത് ഷാ നിയോഗിച്ച ദൂതര്‍ ശശി തരൂരുമായി ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാല്‍ കോണ്‍ഗ്രസിനെ ബൗദ്ധികമായി കടന്നാക്രമിക്കാന്‍ നേതൃത്വം നല്‍കാമെന്ന ഉറപ്പാണ് തരൂര്‍ ബി ജെ പി നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും ശശി തരൂരിന്റെ കൂടെ അഞ്ച് കെ പി സി സി അംഗങ്ങള്‍ കൂടി ബി ജെ പിയിലേക്ക് പോകാന്‍ തയ്യാറായി നില്‍പ്പുണ്ട്. ശശി തരൂരിന്റെ ബി ജെ പി പ്രവേശനം സംബന്ധിച്ച് അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പ്രാരംഭ ചർച്ച നടത്തി.

ശശി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനാണ് അമിത് ഷാ നിര്‍ദേശിക്കുന്നത്. തരൂര്‍ ജയിച്ചുവന്നാല്‍ മന്ത്രി സ്ഥാനം നല്‍കാമെന്നാണ് വാഗ്ദാനം. കേരളത്തില്‍ നിന്നും ഒരു എം പിയെ തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്തിക്കുവാനുള്ള ശ്രമത്തിന് തരൂരിലൂടെ സാക്ഷാത്കാരമാവുമെന്നാണ് അമിത് ഷാ കണക്കുകൂട്ടുന്നത്.

ശശി തരൂരിനെ കോണ്‍ഗ്രസില്‍ നിലനിര്‍ത്താനുള്ള ശ്രമവും സമവായ ശ്രമങ്ങളും കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം നടത്തുന്നില്ല. എ കെ ആന്റണിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ തരൂരിന് കോണ്‍ഗ്രസില്‍ ലഭിക്കുന്ന പരിഗണനയില്‍ അസംതൃപ്തരാണ്. തരൂര്‍ ബി ജെ പിയിലേക്ക് പോയാല്‍ കേരളത്തില്‍ നിന്നും മികച്ചൊരു പാര്‍ലമെന്റേറിയനെ ലോകസഭയിലേക്ക് എത്തിക്കുന്നതിന് വേണ്ടി പ്രൊഫ. പി ജെ കുര്യനെ തിരുവനന്തപുരത്ത് നിന്നും മത്സരിപ്പിക്കാനാണ് ആന്റണിയുടെ മനസിലിരുപ്പ്.

കേരളത്തിലെ നിയമസഭയിലേക്കുള്ള ഉപതരഞ്ഞെടുപ്പ് കഴിയും വരെ തരൂരിനോട് കാത്തിരിക്കാനാണ് ബി ജെ പി നേതൃത്വം പറഞ്ഞിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഐ എംനെയും ഇടതുപക്ഷത്തെയും തോല്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും ബി ജെ പി നേതൃത്വം തരൂരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

 

10-Sep-2019