അതിജീവികപദ്ധതിയ്ക്ക് ഭരണാനുമതി.

തിരുവനന്തപുരം:സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച ‘അതിജീവിക’പദ്ധതിയ്ക്ക് ഭരണാനുമതി. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ പ്രകൃതി ക്ഷോഭത്താലോ മറ്റ് കാരണത്താലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒറ്റത്തവണ സഹായം നൽകുന്നതിന് അതിജീവിക പദ്ധതി ലക്ഷ്യമിടുന്നു.അങ്കണവാടികള്‍ മുഖേന നടത്തിയ കുടുംബ സർവ്വേയിൽ സ്ത്രീകളുടെ ചുമതലയിലാകുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്നതായിക്കാണുന്നു.


കുടുംബനാഥന്റെ വരുമാനത്തിൽ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലമോ പെട്ടന്നുണ്ടാകുന്ന അപകടങ്ങളാലോ മരണമടയുകയോ ചെയ്യുമ്പോള്‍ സ്ഥിരവരുമാനം നിലക്കുന്നതിനാൽ നിത്യചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകള്‍ക്കും മറ്റും മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ പെട്ടന്ന് സംജാതമാകുന്നു. ബാങ്ക് ലോണുകൾ ഉണ്ടെങ്കിൽ അതിന്റെ തിരിച്ചടവും മുടങ്ങുന്നു അതിനാൽ ജപ്തി ഭീഷണിയും നേരിടേണ്ടി വരുന്നു.ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുൻ കയ്യെടുത്ത് ‘അതിജീവിക’പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പരമാവധി 50,000 രൂപ ഇടക്കാലാശ്വാസമായി ലഭിക്കും.

പ്രകൃതി ദുരന്തത്താലോ, മനുഷ്യ വിപത്തിനാലോ വീട് നഷ്ടപ്പെട്ട് നാശം സംഭവിച്ച് വാടകയ്ക്ക് താമസിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കട ബാധ്യത മൂലം കുടുംബനാഥ ജപ്തി ഭീഷണി നേരിടുന്ന കുടുംബം, ഭര്‍ത്താവിന്റെ അസുഖം, വിയോഗം മൂലം മക്കളുടെ പഠനത്തിന് ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, അസുഖം ബാധിച്ച് മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകള്‍ വിധവകളെ കൂടാതെ അവിവാഹിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹ മോചിതര്‍ എന്നിവർക്കാണ് സഹായ ധനം ലഭിക്കുക. അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ താഴെയായിരിക്കണം. അപേക്ഷകര്‍ക്ക് പ്രായപൂര്‍ത്തിയായ തൊഴില്‍ ചെയ്യുന്ന മക്കള്‍ ഉണ്ടായിരിക്കരുത്.


ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ അപേക്ഷ സ്വീകരിക്കും. ഇവർ അപേക്ഷകൾ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് കൈമാറും. തുടർന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വിശദമായ അന്വേഷണം നടത്തി ദുരിതമനുഭവിക്കുന്നവരാണെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് തയ്യാറാക്കും. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി കൂടി ഈ അപേക്ഷകള്‍ പരിശോധിച്ച്   ധനസഹായത്തിന് വനിത ശിശു വികസന ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്യും.

23-Oct-2019