കേരളത്തിൽ മഴ ശക്തമാകും.

തിരുവനന്തപുരം: കേരളത്തിൽ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദക്ഷിണശ്രീലങ്കാ തീരത്തിനടുത്തായി തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമേഖല വരും മണിക്കൂറുകളിൽ കന്യാകുമാരി മേഖലയ്ക്കുമുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. വ്യാഴാഴ്ച ലക്ഷദ്വീപ്, മാലദ്വീപ് മേഖലയ്ക്കുമുകളില്‍ അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയുള്ളതായി കാലാവസ്ഥാവിഭാഗം അറിയിച്ചു. 

മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കേരളതീരത്തും കന്യാകുമാരി, മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മീന്‍പിടിക്കാന്‍ പോകരുതെന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്, പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയുംവേഗമെത്തണമെന്നും അറിയിച്ചിട്ടുണ്ട്.


ലക്ഷദ്വീപ്, തെക്കുകിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ കേരളതീരം, മാന്നാര്‍ കടലിടുക്ക്, തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി മേഖല എന്നിവിടങ്ങളില്‍ ബുധനാഴ്ചവരെ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

 

29-Oct-2019