മദ്രാസ് ഐഐടി ആത്മഹത്യകളുടെ കേന്ദ്രം !

ആത്മഹത്യകളുടെ പഠനകേന്ദ്രമെന്ന വിശേഷണം ലഭിക്കാൻ മാത്രം മരണങ്ങൾ ആണ് മദ്രാസ് ഐഐടിയിൽ നടന്നിട്ടുള്ളത്. കഴിഞ്ഞ 13 വർഷത്തിനിടെ ഇവിടെ ദുരൂഹസാഹചര്യത്തിൽ ജീവനൊടുക്കിയത്‌ 20 വിദ്യാർഥികളാണ്.

രാജ്യത്തെ എട്ട്‌ ഐഐടികളിൽ 10 വർഷത്തിനുള്ളിൽ കൂടുതൽ പേർ ആത്മഹത്യ ചെയ്‌തത് മദ്രാസിലാണ്‌.  10 പേരാണ് ഇവിടെ ദുരൂഹത നിലനിർത്തി മരിച്ചത്. മരിച്ചവരിൽ ഏറെയും എംടെക്‌, ബിടെക്‌, ഇന്റഗ്രേറ്റഡ്‌ ഡിഗ്രി വിദ്യാർഥികളാണ്.

ഈ വർഷം ഫാത്തിമ ലത്തീഫ്‌ ഉൾപ്പെടെ നാലു വിദ്യാർഥികൾ മദ്രാസ്‌ ഐഐടിയിൽ ആത്മഹത്യചെയ്‌തു. ഇതിൽ ഒരാൾ പിഎച്ച്‌ഡി വിദ്യാർഥിയാണ്‌. മരിച്ചവരിൽ കൂടുതലും ആന്ധ്രയിൽനിന്നുള്ളവരാണ്‌. നാല് ആന്ധ്രാക്കാർ ആണ് മരിച്ചത്. മൂന്നുപേർ വീതം കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ളവർ മരണത്തെ പുൽകി.  മരിച്ചവരിൽ ഏഴുപേരും എംടെക്കുകാരാണ്‌.

മരിച്ചവരിൽ ഏറെയും 18നും 26നും ഇടയിൽ പ്രായമുള്ളവരാണ്.  2006ൽ ആന്ധ്ര സ്വദേശി ഭൂജൻ റാവു (24), 2008ൽ തമിഴ്‌നാട്ടുകാരൻ ശങ്കർ പെരുമാൾ (24),  തെലങ്കാന സ്വദേശി ആർ സന്ദീപ്‌ (26), 2011ൽ തമിഴ്‌നാട്ടുകാരൻ ഗൗരിശങ്കർ (36), 2012ൽ തെലങ്കാന സ്വദേശി മാനസ മെരുഗു (22), 2015ൽ ആന്ധ്രക്കാരൻ നരേന്ദ്രകുമാർ റെഡ്ഡി (23), 2019ൽ ഉത്തർപ്രദേശുകാരൻ ഗോപാൽ ബാബു (26) എന്നിവരാണ്‌ ജീവനൊടുക്കിയ എംടെക്കുകാർ. 2015ൽ ആത്മഹത്യ ചെയ്‌ത ബിടെക്‌ വിദ്യാർഥിയായ രാഹുൽ പ്രസാദ്‌ (22), 2018ൽ ഇന്റഗ്രേറ്റഡ്‌ എംഎ വിദ്യാർഥി ഷാഹുൽ കോർമാത്‌ എന്നിവരാണ്‌ ഫാത്തിമ ലത്തീഫിനെ കൂടാതെ മരിച്ച മലയാളികൾ. ഇന്റഗ്രേറ്റഡ്‌ എംഎ വിദ്യാർഥികളായ തെലങ്കാന സ്വദേശി വി അനൂപ്‌ (26), ആന്ധ്ര സ്വദേശി നിതിൻ കുമാർ റെഡ്ഡി (24) എന്നിവർ 2011ലാണ്‌ ജീവനൊടുക്കിയത്‌. ഉത്തർപ്രദേശുകാരൻ ബിടെക്‌ വിദ്യാർഥി  കുൽദീപ്‌ യാദവ്‌ (19) 2012ലും രാജസ്ഥാൻ സ്വദേശി അക്ഷയ്‌ കുമാർ മീന (18) 2013ലും ജീവനൊടുക്കി.

പോസ്റ്റ്‌ ഡോക്ടറൽ ഫെലോപുതുച്ചേരി സ്വദേശിനി മഹേശ്വരി (34)യും  സ്‌പൗസ്‌ ഓഫ്‌ ഫാക്കൽറ്റി തമിഴ്‌നാട്‌ സ്വദേശി വിജയലക്ഷ്‌മി(47)യും ആത്മഹത്യ ചെയ്‌തത്‌ 2016ലാണ്‌. ജാർഖണ്ഡ്‌ സ്വദേശിയായ പിഎച്ച്‌ഡി വിദ്യാർഥി രഞ്ജനാകുമാരി മരിച്ചത്‌ (25) ഈ  വർഷം. ഇന്റഗ്രേറ്റഡ്‌ ഡിഗ്രി വിദ്യാർഥി റുഷിക്‌ കോറാപത (26), എംടെക്‌ വിദ്യാർഥി ഉത്തർപ്രദേശുകാരൻ ഗോപാൽ ബാബു എന്നിവരും  മരണത്തിൽ അഭയം തേടിയതും ഈ വർഷം.

ബിടെക്‌ വിദ്യാർഥി ആന്ധ്രക്കാരനായ  രാഘവേന്ദ്ര (20) മരണത്തിനു കീഴടങ്ങിയത്‌ ഐഐടി അധികൃതർ യഥാസമയം ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്നാണ്‌. ഫാക്കൽറ്റിയായ കർണാടക സ്വദേശി ഡോ. അദിതി സിംഹ (48)യും കഴിഞ്ഞ വർഷം  ജീവനൊടുക്കിയിരുന്നു. ദുരൂഹ മരണങ്ങളുടെ ചുരുൾ നിവർത്താൻ ഉതകുന്ന അന്വേഷണം ആത്മഹത്യകളെ സംബന്ധിച്ച് നടത്തണം എന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നുവരുന്നത്.

19-Nov-2019