ലൈംഗിക അതിക്രമങ്ങളില്‍ മനംമടുത്ത് നൂറോളം കന്യാസ്ത്രീകൾ സഭ വിട്ടു
അഡ്മിൻ
നൂറോളം കന്യാസ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങളില്‍ മനസ് മടുത്ത് കഴിഞ്ഞ വര്‍ഷം സഭ വിട്ടെന്ന് പഠന റിപ്പോര്‍ട്ട്. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്റെ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തലുള്ളത്. സഭ വിട്ട വൈദികരുടെ എണ്ണവും ഒട്ടും പിന്നിലല്ല. നൂറോളം വൈദികരും സഭ വിട്ടിട്ടുണ്ടെന്ന് അസോസിയേഷന് ചെയര്മാന് റെജി ഞെല്ലാനി വ്യക്തമാക്കി.
ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റിന്റെ ഭാഗമായി 2015ലാണ് സഭ വിട്ടിറങ്ങുന്നവര്‍ക്ക് സഹായഹസ്തമേകുക എന്ന ലക്ഷ്യത്തോടെ കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന് രൂപീകരിച്ചത്. പിന്നീടങ്ങോട്ട് നിരവധി കേസുകളാണ് സഭ വിട്ടിറങ്ങുന്നവരുമായി ബന്ധപ്പെട്ട് അറിയാന്‍ കഴിഞ്ഞത്. സഭ വിട്ട് ഇറങ്ങിയവരില്‍ പലരും സ്വവര്‍ഗ രതിയുള്‍പ്പെടെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരാണ്. തിരുവസ്ത്രം ഉപേക്ഷിച്ച ഇവരെല്ലാം ജീവനും കൊണ്ട് പലായനം ചെയ്തു. മാനസിക പീഡനം ഭയന്ന് പലരും വിദേശത്തേക്ക് പോവുകയാണ് ചെയ്യുന്നത്. മഠങ്ങളില്‍ കഴിഞ്ഞ കാലയളവില്‍ ചില ദുരൂഹ മരണങ്ങള് നടന്നിട്ടുണ്ടെങ്കിലും പലതും പുറത്തറിയാറില്ല. സഭകളിലെ സമ്പത്തുകളില്‍ നിന്നാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന ആവശ്യം സംഘടന മുന്നോട്ട് വയ്ക്കുന്നത്.
വിശ്വാസികള്‍ ആചാരപരമായി ബുദ്ധിമുട്ട് അനുഭവിക്കരുത്. സഭയിലേക്ക് എത്തുന്ന പണത്തിനും സഭയുടെ സ്വത്തിനും കൃത്യമായ കണക്കുണ്ടാവണം. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തു വന്ന പശ്ചാത്തലത്തില്‍ അവര്‍ക്കെതിരെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുകയാണ്. പലപ്പോഴായി സഭ വിട്ടു പുറത്തിറങ്ങിയ വൈദികരും കന്യാസ്ത്രീമാരും തുറന്നെഴുതിയതു തന്നെയാണ് സിസ്റ്റര്‍ ലൂസിയുടെ ആത്മകഥയിലുമുള്ളത്. പലപ്പോഴും തുറന്നെഴുത്തുകള്‍ മാത്രമാണ് നടക്കുന്നത്. മാറ്റം വരുന്നില്ലെന്ന് മാത്രം. റെജി ഞെല്ലാനി ലൂസി സിസ്റ്റര്‍ക്ക് പിന്തുണ വ്യക്തമാക്കി.