പൗരത്വ ഭേദഗതി നിയമം പ്രതിഷേധ സത്യാഗ്രഹം ആരംഭിച്ചു

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായുള്ള പ്രതിഷേധം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിച്ചു. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സംയുക്തസത്യാഗ്രഹം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും മത മേലധ്യക്ഷന്മാരും ആത്മീയ ആചാര്യന്മാരും സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍ എല്‍.ഡി.എഫ്., യു.ഡി.എഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ സംസാരിച്ചു. മതമേലധ്യക്ഷന്മാർ, കലാ, സാഹിത്യ, സാസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലുമുള്ളവര്‍, നവോത്ഥാനസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരും സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആർഎസ്എസ് - ബിജെപി സംഘപരിവാർ പ്രവർത്തകരും മുസ്‌ലിം തീവ്രവാദികളും ഒഴികെ ബാക്കി ജനവിഭാഗങ്ങൾ എല്ലാം സത്യാഗ്രഹ സമരവുമായി സഹകരിക്കുന്നുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അഭിവാദ്യപ്രകടനങ്ങൾ സത്യഗ്രഹ പന്തലിലേക്ക് എത്തിച്ചേരുന്നുണ്ട്.  

16-Dec-2019