ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽ വ്യാജ വാറ്റ്, വാഷിട്ട ഒരാൾ പിടിയിൽ. എറണാകുളം പുത്തൻകുരിശിനടുത്ത് കാണിനാട് എരുമച്ചാലിൽ സനൂപി(34) നെയാണ് മാമല എക്സൈസ് സംഘം പിടികൂടിയത്. ബിജെപി നേതാവായ സഹോദരൻ ബിനു ഓടിരക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 11.30 ഓടെ പ്രിവന്റീവ് ഓഫീസർ എം യു സാജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്കായി ലിറ്റർ കണക്കിന് വാറ്റുണ്ടാക്കി വിൽപ്പന നടത്തിയതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. അതിനു ശേഷമാണ് വീണ്ടും വാഷിട്ടത്. വീടിനോട് ചേർന്ന് ഷെഡുണ്ടാക്കിയായിരുന്നു നിർമ്മാണം. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് എക്സൈസ് നടപടി.
പ്രിവന്റീവ് ഓഫീസർ ജോണി അഗസ്റ്റിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ യു എം സുഭാഷ്, എം എൻ അനിൽകുമാർ, യു കെ ജ്യോതിഷ്, പി കെ മനീഷ്, പി എച്ച് നൗഫൽ, അരുൺ ലാൽ, വനിത എക്സൈസ് ഓഫീസർ സരിത റാണി എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.