പ്രധാനമന്ത്രിക്ക്‌ യെച്ചൂരിയുടെ കത്ത്‌

അടച്ചുപൂട്ടൽ കാലയളവിൽ പ്രതിസന്ധിയിലായ അവശജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക്‌ കത്ത്‌ നൽകി. ​സംഭരണശാലകളിലെ അധിക ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ ഉടന്‍ സംസ്ഥാനങ്ങൾക്ക്‌ കൈമാറണം. ഫെബ്രുവരി–- ഏപ്രിൽ  കാലയളവിൽ തൊഴിലില്ലാത്തവരുടെ എണ്ണം 3.4 കോടിയില്‍നിന്ന് 8.8 കോടിയായി. 12.2 കോടിപേര്‍ക്ക് ഉപജീവനമാർഗം ഇല്ലാതായി. അതിസമ്പന്നരുടെ 7.76 ലക്ഷം കോടി വായ്‌പ എഴുതിത്തള്ളിയ കേന്ദ്രം തൊഴിലില്ലാതായവരെയും സഹായിക്കണം. സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ ഫണ്ട് അനുവദിക്കണം. ജിഎസ്‌ടി കുടിശ്ശിക തീര്‍ക്കണം. ‘പിഎം കെയേഴ്‌സ്‌’ ഫണ്ടിലേക്ക്‌ എത്തുന്ന തുക  ഫലപ്രദമായി വിനിയോഗിക്കണം.

ആരോഗ്യപ്രവർത്തകർക്ക്‌ വ്യക്തി​ഗതസുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) കൃത്യമായി ലഭ്യമാക്കണം. പരിശോധനകള്‍ കൂടുതല്‍ നടത്തണം. ഒരു ലക്ഷം അർബുദരോഗികളും 3.5 ലക്ഷം പ്രമേഹരോഗികളും ദുരിതത്തിലാണ്‌. മലേറിയ, ക്ഷയരോഗ നിർമാർജനപദ്ധതികളും നിലച്ചു‌. രക്തബാങ്കുകളിൽ രക്തം‌ കുറഞ്ഞത്‌ തലസീമിയ, ഹീമോഫീലിയ, അരിവാൾ രോഗികളെ പ്രതിസന്ധിയിലാക്കി.

തബ്‌ലീഗ്‌ ജമാഅത്ത്‌ സംഘാടകരുടെ നിരുത്തരവാദ നിലപാടിന്റെ പേരിൽ മുസ്ലിംസമുദായത്തെ മുഴുവൻ വേട്ടയാടുന്ന നിലപാട്‌ അംഗീകരിക്കാനാകില്ല. ആസൂത്രിതമായ വിദ്വേഷപ്രചാരണങ്ങൾക്ക് അറുതിവരുത്താന്‍ കേന്ദ്രസർക്കാരിന്‌ ബാധ്യതയുണ്ട്‌. പ്രതിസന്ധികാലത്ത്‌ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഉത്തരവുകൾ ഇറക്കുന്നതും പിന്നീട്‌ അതിനെ ന്യായീകരിക്കാൻ നിരവധി വിശദീകരണങ്ങൾ ഇറക്കുന്നതും അവസാനിപ്പിക്കണം.

മഹാമാരിയുടെ കാലത്തും പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നില്ല. കേരളത്തില്‍ എൽഡിഎഫ്‌ സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ദിവസേന വാർത്താസമ്മേളനം നടത്തി ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നുണ്ടെന്നും യെച്ചൂരി കത്തില്‍ വ്യക്തമാക്കി.

27-Apr-2020