കോവിഡിന്‌ എതിരായ ഔഷധപരീക്ഷണത്തിന്‌ കേരളത്തിന്‌ അനുമതി

കോവിഡിന്‌ എതിരായ ഔഷധപരീക്ഷണത്തിന്‌ കേരളത്തിന്‌ അനുമതി. ആരോഗ്യവകുപ്പ്‌ വഴി ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻടിബിജിആർഐ) സമർപ്പിച്ച പ്രൊപ്പോസലിനാണ്‌ ഐസിഎംആർ അനുമതിനൽകിയത്‌. ചിക്കുൻ ഗുനിയക്കും ഡെങ്കുവിനും എതിരെ കണ്ടെത്തിയ ‘ആന്റിവൈറൽ ഘടകം’ കോവിഡിനെതിരെ പ്രയോഗിച്ച്‌ ഔഷധം കണ്ടെത്താനുള്ള പരീക്ഷണത്തിനാണ്‌ അനുവാദം ലഭിച്ചത്‌.

പശ്ചിമഘട്ടത്തിലുള്ള മൂന്ന്‌ ചെടികളിൽ നടത്തിയ പരീക്ഷണമാണ്‌ ചിക്കുൻഗുനിയക്കും ഡെങ്കുവിനും എതിരെയുള്ള ആന്റിവൈറൽ കണ്ടുപിടിക്കുന്നതിലേക്ക്‌ ജെഎൻടിബിജിആർഐയെ നയിച്ചത്‌. ആദിവാസികൾ നൽകിയ ഔഷധച്ചെടികളുടെ വിവരത്തിന്റെ ചുവട്‌ പിടിച്ചായിരുന്നു പരീക്ഷണം. മൂന്ന്‌ ചെടികളിൽ ഒന്നിൽനിന്ന്‌ വേർതിരിച്ചെടുത്ത ആന്റിവൈറൽ ഘടകം ചിക്കുൻ ഗുനിയക്കും ഡെങ്കുവിനും എതിരെ കൂടുതൽ ഫലപ്രദമെന്ന്‌ തെളിഞ്ഞു. ഈ കണ്ടുപിടിത്തത്തിന്‌ പേറ്റന്റ്‌ എടുക്കാനുള്ള തയ്യാറെടുപ്പിലാണ്‌.

ഈ ആന്റിവൈറൽ കോവിഡിനെതിരെയും പ്രവർത്തിക്കുമെന്ന നിഗമനത്തിലാണ്‌  ഔഷധപരീക്ഷണത്തിന്‌ അനുമതി തേടിയത്‌. ആരോഗ്യ സെക്രട്ടറി പ്രൊപ്പോസൽ ഐസിഎംആറിന്‌ കൈമാറി. ഇതിൽ  ഐസിഎംആർ താൽപ്പര്യം പ്രകടിപ്പിച്ചു. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയുമായി ധാരണപത്രം ഒപ്പിട്ടശേഷം പരീക്ഷണം തുടങ്ങും. ഇതടക്കം ലോകാരോഗ്യ സംഘടനയുടെയും  ക്യൂബയുടെയും ഉൾപ്പെടെ നാല്‌ ഔഷധപരീക്ഷണങ്ങൾക്കാണ്‌‌ സംസ്ഥാന സർക്കാർ അനുമതി തേടിയത്‌.

30-Apr-2020