ഇന്ത്യയിൽ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും യുഎസ് കമീഷൻ
അഡ്മിൻ
ഇന്ത്യയിൽ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ (യുഎസ് സിഐആർഎഫ്). ബിജെപി സർക്കാർ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുകയാണെന്നും സവിശേഷ ഉത്കണ്ഠയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്നും വാർഷിക റിപ്പോർട്ട് ശുപാർശ ചെയ്തു. 2019 മെയിൽ വീണ്ടും അധികാരത്തിൽ വന്ന ബിജെപി മുസ്ലിങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുന്നത് തടയുന്നില്ല. അക്രമങ്ങൾക്ക് വഴിയിടുന്ന വിദ്വേഷ പ്രസംഗങ്ങൾക്കും പിന്തുണ നൽകുന്നു.
പൗരത്വ ഭേദഗതി നിയമം, എൻപിആർ, എൻആർസി എന്നിവയിലൂടെ മുസ്ലിങ്ങളെ അന്യവൽക്കരിക്കാനും പൗരത്വമില്ലാത്തവരാക്കാനും ശ്രമിക്കുന്നു. പൗരത്വ നിയമം ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള നടപടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് ബിജെപി നേതാക്കളും പരസ്യമായി പ്രഖ്യാപിച്ചു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട് പ്രതികാരം ചെയ്യുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. കശ്മീരിൻ്റ പ്രത്യേക പദവി റദ്ദാക്കി, പൊലീസുകാർ കാഴ്ചക്കാരായ ഡൽഹി കലാപം, പശുവിൻ്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ എന്നിവയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ ഇന്ത്യ നടപടി എടുത്തില്ലെങ്കിൽ ഉത്തരവാദികളായ സർക്കാർ ഏജൻസികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വ്യക്തിഗത സ്വത്ത് കണ്ടു കെട്ടണം. ഇവരുടെ അമേരിക്കയിലേക്കുള്ള വിസ നിഷേധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
പാകിസ്ഥാൻ, ചൈന, ഉത്തരകൊറിയ, സൗദി അറേബ്യ, ഇറാൻ, മ്യാൻമർ എന്നിവയടക്കമുള്ള ഒൻപത് രാജ്യങ്ങൾക്കൊപ്പം ഇന്ത്യ, റഷ്യ, നൈജീരിയ, സിറിയ, വിയറ്റ്നാം എന്നിവരെയാണ് പട്ടികയിൽപ്പെടുത്തിയത്. 2004നു ശേഷം ആദ്യമായാണ് ഇന്ത്യ ഈ പട്ടികയിൽ ഇടം പിടിച്ചത്. സവിശേഷ ഉത്കണ്ഠയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്നതിൽ സമിതിയിലെ രണ്ട് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.
റിപ്പോർട്ട് ഇന്ത്യ തള്ളി
യുഎസ് സിഐആർഎഫ് വാർഷിക റിപ്പോർട്ടിലെ ഇന്ത്യക്കെതിരായ പരാമർശങ്ങൾ പക്ഷപാതപരമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇത്തരം നിലപാട് പുതിയതല്ലെങ്കിലും ഇത്തവണ തെറ്റായ അവതരണത്തിൻ്റെ അങ്ങേയറ്റമാണ്. റിപ്പോർട്ട് ഇന്ത്യ തള്ളിക്കളഞ്ഞെന്ന് ശ്രീവാസ്‌തവ പറഞ്ഞു.